പെരിയ: രാജ്യത്തിന്റെ മുന്നോട്ടുകുതിപ്പിന് ഗ്രാമീണ മേഖലയുടെ വികസനം അത്യന്താപേക്ഷിതമെന്ന് തമിഴ്നാട് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ.എസ് രാജേന്ദ്രന്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡൈനാമിക്സ് ഓഫ് റൂറല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്‍ ഇന്ത്യ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം വലുതാണ്. കണക്കുകള്‍ പ്രകാരം നഗരങ്ങളിലെ കുടുംബങ്ങളെ അപേക്ഷിച്ച് ഗ്രാമീണരില്‍ കടബാധ്യത കൂടുതലാണ്. ഗ്രാമങ്ങളില്‍ തന്നെ കര്‍ഷക കുടുംബങ്ങളാണ് കടബാധ്യതയില്‍ മുന്നിലുള്ളതും. അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ. ഡി. സ്വാമികണ്ണന്‍, ഡോ. പി. അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.