ഭിന്നശേഷി മേഖലയില്‍ വിവിധ വകുപ്പുകള്‍ ജില്ലാ ഭരണ സംവിധാനവുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം; ജില്ലാ കളക്ടര്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ഉള്‍പ്പെടെ ഭിന്നശേഷി മേഖലയില്‍ കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ ജില്ലാ ഭരണ സംവിധാനവുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉള്‍പ്പെടെ ജീവനോപാധികള്‍ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണസംവിധാനത്തിന്റെ നൂതന പദ്ധതിയാണ് ഐ ലീഡ് (I – LEAD) Integrated livelihood program for Endosulphan victims and Diffrently Abled. ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ജില്ലാതലത്തില്‍ ഒരു സഹകരണ സൊസൈറ്റി ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഐ ലീഡ് ബ്രാന്‍ഡ് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. സര്‍ക്കാരിന്റെ പുരസ്‌കാരം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും കളക്ടര്‍ പറഞ്ഞു.

പെരിയ എം.സി.ആര്‍.സിയില്‍ കൈത്തറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റും മുളിയാറില്‍ നോട്ടുബുക്ക് നിര്‍മ്മാണ യൂണിറ്റും ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബഡ്സ് സ്‌കൂളുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി മാതൃക പുനരധിവാസ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ഈ കാലയളവില്‍ സാധിച്ചു. എല്ലാ മാസവും എം.സി.ആര്‍.സികളുടെ അവലോകന യോഗങ്ങള്‍ ചേരുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമം ആരംഭിക്കാന്‍ സാധിച്ചതും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ കൊണ്ടാണെന്ന് കളക്ടര്‍ പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 70 ഭിന്നശേഷിക്കാര്‍ക്കാണ് ഇക്കാലയളവില്‍ ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ സഹകരണത്തോടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുപ്പിന് സൈന്‍ ലാംഗ്വേജ് കോള്‍ സെന്റര്‍ ആരംഭിച്ചതും കാസര്‍കോട്് ജില്ലയിലാണ്. വോട്ടിംഗ് മെഷീനില്‍ ബ്രെയിലി ലിപി പരിചയപ്പെടുത്തി. സാക്ഷ്യം ആപ്പ് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേകം പ്ലാന്‍ ഉണ്ടാക്കി സമ്മതിദാനം വിനിയോഗിക്കുന്നതിന് സൗകര്യമൊരുക്കി.

കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ബാരിയര്‍ ഫ്രീ ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭിന്നശേഷി സൗഹൃദ ശുചിമുറി, ലിഫ്റ്റ് സംവിധാനം, റാമ്പ് എന്നിവയും സിവില്‍ സ്റ്റേഷനില്‍ നടപ്പിലാക്കി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ ലീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നേതൃത്വം നല്‍കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസര്‍, എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ജില്ലാ കളക്ടറുടെ ഇന്റേണുകള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സംസ്ഥാന സര്‍ക്കാരും സംസ്ഥാന സാമൂഹിക നീതി വകുപ്പും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് ജില്ലാ കളക്ടര്‍ പ്രത്യേകം നന്ദി അറിയിച്ചു. ഐ ലീഡ് പദ്ധതി ഉള്‍പ്പെടെ ജില്ലയില്‍ ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന വിവിധ സേവന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ പൂര്‍ണ്ണ സഹകരണവും പിന്തുണയും തുടര്‍ന്നും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *