ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരം ഡിസംബര്‍ അഞ്ചിന് തുടങ്ങും

ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കുള്ള വായനാ മത്സരങ്ങള്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള പ്രാഥമിക മത്സരം ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ ഡിസംബര്‍ അഞ്ചിന് നടക്കും. മുതിര്‍ന്നവര്‍ക്ക് 16 മുതല്‍ 25 വയസ്സ് വരെയും 26 വയസ്സിന് മുകളിലുമായുള്ള രണ്ട് വിഭാഗക്കാര്‍ക്കുള്ള വായനാ മത്സരം ഡിസംബര്‍ എട്ടിനും ഗ്രന്ഥശാലകളില്‍ സംഘടിപ്പിക്കും.

ഇതേ ദിവസം തന്നെ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേകമായി സംഘടിപ്പിക്കുന്ന യു.പി, വനിതാ വിഭാഗങ്ങള്‍ക്കുള്ള വായനാ മത്സരവും ഗ്രന്ഥശാലകളില്‍ നടക്കും. യു പി വിഭാഗത്തില്‍ അഞ്ച്, വനിതാ വിഭാഗത്തില്‍ ഒന്‍പത്, ഹൈസ്‌കൂള്‍ -ഏഴ്, മുതിര്‍ന്നവര്‍ ഒന്നാം വിഭാഗത്തില്‍ 10, രണ്ടാം വിഭാഗത്തില്‍ ഒന്‍പത് പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കിയായിരിക്കും എഴുത്തു പരീക്ഷയിലെ ചോദ്യങ്ങള്‍. പ്രാഥമിക തലത്തില്‍ പൊതു ചോദ്യങ്ങളുമുണ്ടാകും.

പുസ്തകങ്ങളുടെ പട്ടികയും പുസ്തകങ്ങളും അംഗീകൃത ഗ്രന്ഥശാലകളില്‍ ലഭിക്കും. പുസ്തകങ്ങളെ പരിചയപ്പെടുത്തിയുള്ള പ്രത്യേക വീഡിയോകള്‍ തയാറാക്കി നവമാധ്യമങ്ങളില്‍ ലൈബ്രറി കൗണ്‍സില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പ്രാഥമിക തല മത്സരത്തിന് ശേഷം ഡിസംബര്‍ 29ന് താലൂക്ക്, 2025 ജനുവരി 19ന് ജില്ല തല വായനാ മത്സരങ്ങളും നടക്കും. ഹൈസ്‌കൂള്‍, മുതിര്‍ന്നവര്‍ രണ്ട് വിഭാഗങ്ങളുടെ സംസ്ഥാന തല മത്സരം ഏപ്രില്‍ 19, 20 തീയതികളിലാണ്. വനിത, യു പി വിഭാഗം മത്സരങ്ങള്‍ ജില്ലാതല മത്സരത്തോടെ സമാപിക്കും. 40 വായനാ മത്സര പുസ്തകങ്ങളെ ആസ്പദമാക്കി വിവിധ ഗ്രന്ഥശാലകളില്‍ പുസ്തക ചര്‍ച്ചകള്‍ നടത്താനും ലൈബ്രറി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വായനാ മത്സരം വിജയിപ്പിക്കാന്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ വി കുഞ്ഞിരാമന്‍, സെക്രട്ടറി ഡോ.പി പ്രഭാകരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *