ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദം വലിയ പ്രത്യാശ: ഉപരാഷ്ട്രപതി

  •  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന്‍റെ അഞ്ചാം പതിപ്പിന് തുടക്കമായി
  •  ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം വായിച്ചു

തിരുവനന്തപുരം: ആധുനിക കാലത്തെ സങ്കീര്‍ണമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം വലിയ പ്രത്യാശയാണ് നല്‍കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സുസ്ഥിരമായ ആരോഗ്യ പരിരക്ഷാ സംവിധാനം എന്ന നിലയിലാണ് ആയുര്‍വേദം പ്രസക്തമാകുന്നതെന്നും ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനം ഇത് ഉള്‍ക്കൊള്ളുന്നുവെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) തിരുവനന്തപുരം കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദത്തിന്‍റെ സാധ്യത പ്രയോജനപ്പെടുത്തുന്ന കാര്യക്ഷമമായ ചര്‍ച്ചകള്‍ക്ക് അഞ്ചുദിവസത്തെ ജിഎഎഫ് സമ്മേളനം വഴിയൊരുക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ആഗോളതലത്തില്‍ ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഎഎഫിന്‍റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ചടങ്ങില്‍ വായിച്ചു.
കേവലമൊരു ചികിത്സാ സമ്പ്രദായം എന്നതു മാത്രമല്ല ആയുര്‍വേദത്തിന്‍റെ പ്രസക്തിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. രോഗം ഭേദമാക്കുന്നതിനൊപ്പം ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം കൂടിയാണ് ആയുര്‍വേദം സംരക്ഷിക്കുന്നത്. രോഗമില്ലായ്മ എന്ന അവസ്ഥയെയാണ് ഇത് ഉള്‍ക്കൊള്ളുന്നത്. ആയുര്‍വേദ വിജ്ഞാനത്തിന്‍റെയും പ്രയോഗത്തിന്‍റെയും സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഇത് ആയുര്‍വേദ മേഖലയില്‍ ആഗോളതലത്തില്‍ ഇന്ത്യയെ ഉന്നതസ്ഥാനത്ത് നിലനിര്‍ത്തുന്നു.


ആയുര്‍വേദത്തിന്‍റെ വളര്‍ച്ചയും ആഗോള അംഗീകാരവും പ്രോത്സാഹിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആയുഷ് മന്ത്രാലയം സ്ഥാപിച്ചതും ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആയുര്‍വേദത്തെ ഉള്‍ക്കൊള്ളിച്ചതും ദേശീയ ആയുര്‍വേദ ദിനാചരണത്തിന് പ്രാധാന്യം നല്‍കിയതും ഈ മേഖലയോടുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ്. യോഗ ശീലമാക്കുന്നതിലും യോഗാ ദിനാചരണത്തിലും രാജ്യം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും ഉപരാഷ്ട്രപതി സൂചിപ്പിച്ചു. ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനമാണ് യോഗയെന്നും ഇത് ആരോഗ്യരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴിലുള്ള ദേശീയ ആയുഷ് മിഷന്‍ ചെലവ് കുറഞ്ഞ ചികിത്സാ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ആയുഷിന്‍റെ ലഭ്യത ടെലിമെഡിസിന്‍, ഡിജിറ്റല്‍ 

പ്ലാറ്റ് ഫോമുകളിലൂടെ വ്യാപിപ്പിച്ചത് നഗര-ഗ്രാമീണ സമൂഹങ്ങള്‍ക്ക് ഒരുപോലെ ചികിത്സ സാധ്യമാക്കി. എട്ട് വര്‍ഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഏകദേശം 40,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആയുഷ് മേഖലയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.
രാജ്യത്ത് വെല്‍നസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ആയുര്‍വേദത്തെ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആയുര്‍വേദ ടൂറിസം ആരോഗ്യക്ഷേമത്തിനൊപ്പം സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യും. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റവും ഇന്‍റര്‍നെറ്റ് വ്യാപനവും വാഗ്ദാനം ചെയ്യുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഉപരാഷ്ട്രപതി ആയുര്‍വേദ പങ്കാളികളോട് അഭ്യര്‍ഥിച്ചു.
കേരളത്തിലെ ആയുര്‍വേദത്തിന്‍റെ മഹനീയ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുന്ന മികച്ച വേദിയാണ് കേരളമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2012 മുതല്‍ സംഘടിപ്പിക്കുന്ന ജിഎഎഫ് ആയുര്‍വേദം പ്രചരിപ്പിക്കുന്നതിലും ആഗോള ആയുര്‍വേദ സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആയുര്‍വേദ രംഗത്തെ സംഭാവനകള്‍ക്ക് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി നല്‍കുന്ന ബ്രിഹത്രയി രത്ന പുരസ്കാരം വൈദ്യ സദാനന്ദ് പ്രഭാകര്‍ സര്‍ദേശ്മുഖിന് ഉപരാഷ്ട്രപതി സമ്മാനിച്ചു. 
ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആഗോളതലത്തിലുള്ള ആവശ്യം വര്‍ധിച്ചുവരുന്നത് ഈ സമ്പ്രദായത്തിന്‍റെ ശക്തിയും വിശ്വാസ്യതയും തെളിയിക്കുന്നതാണെന്ന് ജിഎഎഫ്-2023 ചെയര്‍മാന്‍ കൂടിയായ വി.മുരളീധരന്‍ പറഞ്ഞു. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലൂടെ കേരളത്തിന്‍റെ ആയുര്‍വേദ, വെല്‍നസ് ടൂറിസം മേഖലയ്ക്ക് കാര്യമായ നേട്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള തലത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങളും ഡോക്യുമെന്‍റേഷനും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ശശി തരൂര്‍ എംപി, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊറ്റേച്ച, ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി.ജി ഗംഗാധരന്‍, ജിഎഎഫ് സെക്രട്ടറി ജനറല്‍ ഡോ. സി. സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജിഎഎഫ് അഞ്ചാം പതിപ്പിന്‍റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *