അര്‍ജുന കൃപയില്‍ കൃഷ്ണന് രാമനിലയ പ്രവേശം

അച്ചേരി അര്‍ജുന ക്ലബ്ബിന്റെ രണ്ടാമത്തെ സ്‌നേഹവീടില്‍ പാലുകാച്ചല്‍

പാലക്കുന്ന് : അര്‍ജ്ജുന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അച്ചേരിയുടെ അര്‍ജുനാമൃതം പദ്ധതിയിലൂടെ നിര്‍മിച്ച രാമനിലയം എന്ന് പേരിട്ട വീട്ടില്‍ കൃഷ്ണനും കുടുംബവും ഗൃഹപ്രവേശം നടത്തി. തുന്നല്‍ ജോലിക്കാരനായ അച്ചേരിയിലെ കെ. കൃഷ്ണനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളോടൊപ്പം വാടക വീട്ടിലായിരുന്നു നാളിതുവരെ താമസം. അന്തിയുറങ്ങാന്‍ ഒരു വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിച്ചപ്പോള്‍ കൃഷ്ണന്‍ സ്വന്തമായി വീടുപണി ആരംഭിച്ചു. നിര്‍ധനനായ കൃഷ്ണന്റെ വീടു പണി തറയില്‍ ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം അംഗമായ അച്ചേരി അര്‍ജുന ക്ലബ്ബ് സഹായത്തിനെത്തി. നാട്ടുകാരുടെയും യുഎഇ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ആ ദൗത്യം ക്ലബ് ഏറ്റെടുത്തു. വേണു കിട്ടായി ചെയര്‍മാനും കെ. വി. കുഞ്ഞിക്കണ്ണന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത് . രാമനിലയം എന്ന് പേരിട്ട സ്‌നേഹവീട്ടില്‍ ബുധനാഴ്ച പാലുകാച്ചല്‍ നടത്തി കൃഷ്ണനും കുടുംബവും താമസം തുടങ്ങി. ക്ലബ് നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ സ്‌നേഹ വീടാണിത്.

Leave a Reply

Your email address will not be published. Required fields are marked *