പാലക്കുന്ന് : കപ്പലില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും വായിച്ചു നോക്കാതെ ഒപ്പിടുന്ന പഴഞ്ചന്‍ രീതിയില്‍ നിന്ന് കപ്പല്‍ ജീവനക്കാര്‍ ഇനിയും മാറിയിട്ടില്ലെന്ന് സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ നടത്തിപ്പ് തലവന്‍ ക്യാപ്റ്റന്‍ വി. മനോജ് ജോയി അഭിപ്രായപ്പെട്ടു. വിവിധ കാരണങ്ങളാല്‍ ലഭിക്കേണ്ട പല ആനുകൂല്യങ്ങളിലും അവകാശികള്‍ക്ക് നഷ്ടപരിഹാരം വൈകാനും കുറയാനും ലഭിക്കാതിരിക്കാനുമുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.
അംഗീകാരമില്ലാത്ത കപ്പലുകളില്‍ ജോലിയില്‍ കയറുന്ന പുതുമുഖങ്ങള്‍ വഞ്ചിക്കപ്പെടുന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ ഇടനിലക്കാരുടെ ഇടപെടലില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡയരക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അഡ്വസറി ബോര്‍ഡ് അംഗം കൂടിയായ മനോജ് ജോയ് പറഞ്ഞു. വീട്ടിലും കുടുംബത്തിലും സംഭവിക്കുന്ന നിസ്സാര സംഭവങ്ങള്‍ പോലും കപ്പലിലുള്ള ഭര്‍ത്താവിനെ വാട്‌സാപ്പിലൂടെ അറിയിച്ച് അദ്ദേഹത്തിന്റെ മാനസിക സമ്മര്‍ദ്ദം കൂട്ടരുത്.
സീമെന്‍സ് ഐക്യദിനത്തില്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ സംഘടിപ്പിച്ച ബോധവത്കരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു.കെ.ജയപ്രകാശ്, നൂസി ജില്ലാ ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ്, നൂസി വനിത വിഭാഗം പ്രധിനിധി സ്വപ്ന മനോജ്, ജില്ല സീമെന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി. വി. സുരേഷന്‍, രക്ഷാധികാരി രാജേന്ദ്രന്‍ കണിയമ്പാടി എന്നിവര്‍ പ്രസംഗിച്ചു.