കയ്യൂര്‍ : ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും വാട്ടര്‍ സെക്യൂരിറ്റി ആന്റ് ക്ലൈമറ്റ് അഡാപ്‌റ്റേഷനും ( വാസ്‌ക ) സംയുക്ത ആഭിമുഖ്യത്തില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ അയ്യായിരം കണ്ടല്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന എം. ശാന്ത നിര്‍വഹിച്ചു.
കൂക്കൈ ബണ്ട് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.വി. രാമചന്ദ്രന്‍ അധ്യക്ഷനായി. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുമായി സഹകരിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി. ശശിധരന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.ജി. അജിത്ത് കുമാര്‍, വാസ്‌ക അസോസിയേറ്റ് സയന്റിസ്റ്റ് എസ്. സജിന്‍, ദിവാകരന്‍ നീലേശ്വരം, പി.വി. ഗിരീഷ്, എം. അമ്പാടി, എ.വി. ആതിര ,നവീന്‍. പി സംസാരിച്ചു.