ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 10 മരണം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് തിളച്ചുമറിയുന്ന ലാവയും 2000 മീറ്റര്‍ വരെ ഉയരത്തില്‍ പാറിപ്പറന്ന ചൂടു ചാരവും 6 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളില്‍ നാശം വിതച്ചു. ഒരു കന്യാസ്ത്രീ മഠം ഉള്‍പ്പെടെ ഒട്ടേറെ വീടുകള്‍ കത്തിനശിച്ചു. ഒരു കന്യാസ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്.

വുലാങ്ഗിറ്റാങ് ജില്ലയിലെ 6 ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ ജനം പ്രാണരക്ഷാര്‍ഥം പലായനം ചെയ്തു. അഗ്നിപര്‍വത സ്ഫോടന സൂചനകള്‍ കണ്ടതനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഇവിടെ നിന്ന് 6500 പേരെ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ മൗണ്ട് മറാപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഉണ്ടായില്ല. മൗണ്ട് മറാപിയില്‍ നിന്നൊഴുകിയ തണുത്ത ലാവയും കനത്ത മഴയും മേയില്‍ 60 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്തൊനീഷ്യയില്‍ സജീവമായ 120 അഗ്നിപര്‍വതങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *