കാഞ്ഞങ്ങാട്: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും സര്‍ക്കാര്‍ നല്‍കുന്ന ദൈനംദിന സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളില്‍ പങ്കാളികളായി അതിന്റെ ഫലങ്ങള്‍ അനുഭവവേദ്യമാക്കുന്നതിനും വേണ്ടിയാണ് ശ്രമിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 5 പഞ്ചായത്തുകളും മുഴുവന്‍ ജനങ്ങളുടെയും വിവരശേഖരണം നടത്തി പഠിതാക്കളെ കണ്ടെത്തുകയും അവര്‍ക്കുള്ള പരിശീലനം നല്‍കി തുടര്‍ന്ന് അവരെ മൂല്യനിര്‍ണയം നടത്തി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുകയും ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ 12196 വീടുകളില്‍ സര്‍വ്വേ നടത്തി 13 പഠിതാക്കളെയും മടിക്കൈ ഗ്രാമപഞ്ചായത്തില്‍ 6464 വീടുകളില്‍ സര്‍വ്വേ നടത്തി 3534 പഠിതാക്കളെയും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 7839 വീടുകളില്‍ സര്‍വ്വേ നടത്തി 1521 പഠിതാക്കളെയും പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ 12294 വീടുകളില്‍ സര്‍വ്വേ നടത്തി 3268 പഠിതാക്കളെയും ഉദുമ ഗ്രാമപഞ്ചായത്തില്‍ 9229 വീടുകളില്‍ സര്‍വ്വേ നടത്തി 1253 പഠിതാക്കളെയും കണ്ടെത്തുകയും മുഴുവന്‍ പഠിതാക്കള്‍ക്കും പരിശീലനം നല്‍കി ഡിജിറ്റല്‍ സാക്ഷരത നേടുക എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത ബ്ലോക്ക് പഞ്ചായത്തായുള്ള പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു