മാനവ സഞ്ചാരം നവംബര്‍ 24 ന് തൃശൂരില്‍

തൃശൂര്‍ : സാമൂഹിക സൗഹാര്‍ദ്ദവും മാനവികതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നവംബര്‍ 16ന് ആരംഭിച്ച് ഡിസംബര്‍ 1ന് സമാപിക്കുന്ന മാനവ സഞ്ചാരം തൃശൂര്‍ ജില്ലയില്‍ നവംബര്‍ 24 ന് നടക്കും. കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന മാനവ സഞ്ചാരം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പാരസ്പര്യം ദൃഢമാക്കാനും വര്‍ഗീയ വിഭജന ആശയങ്ങളെ ചെറുക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച , വ്യത്യസ്ത ജനവിഭാഗങ്ങളുമായി സ്‌നേഹ സമ്പര്‍ക്ക പരിപാടി , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , പ്രമുഖ വ്യക്തികള്‍ , ആക്ടിവിസ്റ്റുകള്‍ , മതനേതാക്കള്‍ തുടങ്ങിയവരിലേക്കുള്ള സന്ദര്‍ശനം എന്നിവ മാനവസഞ്ചാരത്തില്‍ നടക്കും. മാനവ സഞ്ചാരത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പി ബാലചന്ദ്രന്‍ എം.എല്‍.എ (ചെയര്‍മാന്‍) ഹമീദ് തളിയപാടത്ത് (ജന:കണ്‍വീനര്‍) പെന്‍കോ ബക്കര്‍ (ഫിനാന്‍സ് സെക്രട്ടറി).സ്വാഗതസംഘ രൂപീകരണ യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് നിസാമിയുടെ അദ്ധ്യക്ഷതയില്‍ കേര മുസ്ലീം ജമാഅത്ത് ജില്ലാ ജന:സെക്രട്ടറി അഡ്വ പി.യു അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.എം ഇബ്രാഹിം പ്രഖ്യാപിച്ചു. ശമീര്‍ എറിയാട് സ്വാഗതവും ഹമീദ് തളിയപാടത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *