മുന്‍ എംഎല്‍എ കെ. പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു;

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ അന്ത്യം; ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറി; വിട പറഞ്ഞത് കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന നേതാവ്

കാസറഗോഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉദുമ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ എതിര്‍വശത്തുനിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ കാറിന്റെ ഒരു ഭാഗം തകര്‍ന്നു. വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണനെ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് കെ കരുണാകരന്റെ വിശ്വസ്തായിരുന്ന നേതാവായിരുന്നു അദ്ദേഹം.കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു.കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചുകാലമായി സജീവമായി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയരുന്നില്ല കുഞ്ഞിക്കണ്ണന്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയായ ശേഷം കല്യാശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഒതുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *