ബേക്കല്‍ ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പാക്കം: ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവര്‍ത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ 5 മേളകളുടെ സംയോജനമായി നടത്തപ്പെടുന്ന ശാസ്‌ത്രോത്സവത്തിന്റെ ബേക്കല്‍ ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന ശാസ്ത്ര അഭിരുചികളുടെ സമഞ്ജസമായ പരിപോഷണത്തിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഈ പരിപാടി സമസ്ത ജന വിഭാഗങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കൊണ്ട് പാക്കത്ത് നാടിന്റെ ഉത്സവമായി മാറിയിരിക്കുകയാണ്. പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജയശ്രീ ടീച്ചര്‍ രചന നിര്‍വഹിച്ച സ്വാഗത ഗാനം ഉദ്ഘാടന പരിപാടിയെ മികവു ള്ളതാക്കി മാറ്റി. ഒപ്പം കാഴ്ചയില്ലെങ്കിലും തന്റെ അകക്കണ്ണ് കൊണ്ട് കീ ബോര്‍ഡില്‍ ശ്രവ്യ സുന്ദരമായ പശ്ചാത്തല സംഗീതം ഒരുക്കിയ സായി കൃഷ്ണനും കാണികളുടെ കൈകടി നേടി. സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും പി.ടി.എ, എം. പി. ടി. എ മെമ്പര്‍മാരും മറ്റും ചേര്‍ന്നാണ് സ്വാഗത ഗാനം ഒരുക്കിയത്.ശാസ്ത്രമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ശാസ്‌ത്രോത്സവം ലോഗോ രൂപകല്പന ചെയ്ത പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ സി. കെ. ജിതേഷിനെ ആദരിച്ച് സംസാരിച്ചു. സ്വാഗത ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ സായി കൃഷ്ണയ്ക്കുള്ള ഉപഹാരം സംഘാടക സമിതി ചെയര്‍മാന്‍ എം. കുമാരന്‍ നല്‍കി. പള്ളിക്കര പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സൂരജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കെ. വി, സംഘാടക സമിതി ട്രഷററും ഉപജില്ല വിദ്യാഭ്യാസ ഓഫീസുമായ കെ. അരവിന്ദ, വാര്‍ഡ് മെമ്പര്‍ ടി.വി. രാധിക, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ടി. വിഷ്ണു നമ്പൂതിരി, എസ്.എസ്. എ ബ്ലോക്ക് പോഗ്രാം കോഡിനേറ്റര്‍ കെ.എം. ദിലീപ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ടി. കുമാരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സി. പ്രസീന, സ്റ്റാഫ് സെക്രട്ടറി ഒ. മനോജ് ബാബു എന്നിവര്‍ സംസാരിച്ചു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി. ശ്രീധരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 5 മേളകളിലെ 183 ഇനങ്ങളില്‍ 3500 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ശാസ്‌ത്രോത്സവത്തില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നതിനായി രണ്ട് ദിവസങ്ങളിലായി ഇവിടെ മാറ്റുരയ്ക്കും. വിദ്യാര്‍ത്ഥികളോടൊപ്പം വിദ്യാര്‍ത്ഥിനികളും തങ്ങളും ഒട്ടും പിന്നില്‍ അല്ല എന്ന് തെളിയിക്കുന്നതാണ് ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തിലെ കാഴ്ചകള്‍ തെളിയിക്കുന്നത്.വിദ്യാലയ അങ്കണത്തില്‍ ഒരുക്കിയ ട്രോഫികളുടെ കമനീയ ശേഖരത്തിന്റെ പ്രദര്‍ശനവും കൗതുകമുള്ള കാഴ്ചയായി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്. സംഘാടകര്‍ക്കും 3500 ഓളം വരുന്ന മത്സരാര്‍ത്ഥികള്‍ക്കും അവരെ അനുഗമിക്കുന്ന നൂറുകണക്കിന് അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ശാസ്‌ത്രോത്സവം തന്നെയായിരിക്കും പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശാസ്ത്രമേള എന്ന് നിസംശയം പറയാം സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *