പാണത്തൂര്‍: ബസ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരനെ അതേ ബസ്സില്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാര്‍. ഇന്ന് രാവിലെ 8.30 മണിയോടു കൂടിയാണ് പാണത്തൂര്‍ – കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് ചുള്ളിക്കരയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് തിരിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് യാത്രക്കാരന് അടിയന്തിര ചികിത്സ ലഭ്യമാക്കുകയായിരുന്നു. യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ബസ് തിരിച്ച് വീണ്ടും കാഞ്ഞങ്ങാട്ടേക്ക് യാത്ര തുടരുകയും ചെയ്തു. ഡ്രൈവറായ പ്രകാശന്‍, കണ്ടക്ടര്‍ രാജേഷ് കെ എന്നിവരായിരുന്നു ബസ്സിലെ ജീവനക്കാര്‍.ജീവനക്കാരുടെ സമയോജിതമായ ഇടപെടലാണ് യാത്രക്കാരനെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കാന്‍ സഹായകമായത്.