രാജപുരം: പനത്തടി റാണിപുരം റോഡില്‍ സാഹസിക യാത്ര നടത്തിയ സംഘം പോലിസ് കസ്റ്റഡിയില്‍, കാറും പിടിച്ചെടുത്തു. ഇന്ന് റാണിപുരം വിനോദ സഞ്ചാരത്തിനെത്തിയ കെ.എ 14 എ. ഇ 7337 നമ്പര്‍ ക്രെറ്റ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഉപ്പള സ്വദേശികളെയാണ് കാര്‍ ഉള്‍പ്പെടെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥിരം അപകട മേഖലയായ ഈ റോഡില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നല്ലൊരു പങ്കും അശ്രദ്ധ മൂലമുള്ള ഡ്രൈവിങ്ങും, വാഹനത്തിന്റെ ഡിക്കിയിലും, ഡോറിലും ഇരുന്ന് യാത്ര ചെയ്യുന്നതും മൂലമാണ് സംഭവിക്കുന്നത്. കഴിഞ്ഞ മാസം കാറിന്റെ ഡോറില്‍ കയറി ഇരുന്ന് വീഡിയോ എടുത്ത് യാത്ര ചെയ്യവേ കാര്‍ അപകടത്തില്‍ പെട്ട് കര്‍ണാടക സൂറത്ത്കല്‍ എന്‍. ഐ. ടി വിദ്യാര്‍ത്ഥി മരിച്ചിരുന്നു. കൂടാതെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. റാണിപുരം പനത്തടി റോഡില്‍ സഹസിക യാത്രകള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരികളെ ബോധവല്‍ക്കരിക്കുന്നതിനായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്,ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വ്യാപാരി വ്യവസായി ഏകോപസമിതി, പൊതുപ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും സാഹസിക യാത്ര.ഈ വാഹനത്തിന്റെപുറകില്‍ വന്ന വാഹനത്തില്‍ ഉള്ളവരാണ് വീഡിയോ പകര്‍ത്തി വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് രാജപുരം പോലീസ്സ് സ്റ്റേഷനിലെ എസ്, ഐ കരുണാകരന്‍, എ. എസ് .ഐ മനോജ് പി വര്‍ഗീസ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫിലിപ്പ് തോമസ്, സജിത്ത് ജോസഫ്,ഹോം ഗാര്‍ഡ് സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് റാണിപുരത്ത് വച്ച് കാറിനേയും യാത്രക്കാരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.