കര്‍ഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി പ്രസാദ്

ഈ വര്‍ഷത്തെ സംസ്ഥാനതല കര്‍ഷക ദിനാഘോഷം ഉദ്ഘാടനവും കര്‍ഷക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്റെ കാര്‍ഷിക സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്റെ ലോഞ്ചും ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ശനിയാഴ്ച വൈകിട്ട് 3 ന് ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് കര്‍ഷക അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകദിനാഘോഷം ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും.

കാലാവസ്ഥാ വ്യതിയാനം മൂലവും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യത്തില്‍ കൂടിയാണ് കാര്‍ഷിക കേരളം മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തെയാകെ ഞെട്ടിച്ച വയനാട് ഉരുള്‍പൊട്ടല്‍ പോലുള്ള പ്രതിസന്ധിഘട്ടത്തിലും കാര്‍ഷികമേഖലയെ ചലനാത്മകമാക്കുന്നത് പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകരാണ്. കൃഷിക്കാരെയും കര്‍ഷക തൊഴിലാളികളെയും ആദരിച്ചുകൊണ്ട് ഈ വര്‍ഷത്തെ കര്‍ഷകദിനം വിളംബര ഘോഷയാത്ര, കലാപരിപാടികള്‍ തുടങ്ങിയ ആഘോഷ പരിപാടികളൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടുകൂടിയാണ് ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നാല് പുതിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ ആകെ 41 അവാര്‍ഡുകളാണ് കൃഷി മന്ത്രി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന സി. അച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, മികച്ച കാര്‍ഷിക ഗവേഷണത്തിന് നല്‍കുന്ന എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ്, കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷിഭവനു നല്‍കുന്ന അവാര്‍ഡ്, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് എന്നിവയാണവയെന്ന് മന്ത്രി പറഞ്ഞു. അച്യുതമേനോന്‍ അവാര്‍ഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥന്‍ അവാര്‍ഡിന് ഡോ. എ ലതയും കൃഷി ഭവനുകള്‍ക്കുള്ള അവാര്‍ഡിന് പുതൂര്‍ കൃഷി ഭവനും ട്രാന്‍സ്ജന്‍ഡര്‍ അവാര്‍ഡിന് ശ്രാവന്തിക എസ് പിയും അര്‍ഹരായി. കര്‍ഷകോത്തമ അവാര്‍ഡിന് ഇടുക്കി വണ്ടന്‍മേട് ചെമ്പകശ്ശേരില്‍ സി ഡി രവീന്ദ്രന്‍ നായരും കര്‍ഷകതിലകം അവാര്‍ഡിന് കണ്ണൂര്‍ പട്ടുവം സ്വദേശി ബിന്ദു കെയും അര്‍ഹരായി.

കാര്‍ഷിക മേഖലയുടെ സമുന്നതമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമാണ് കതിര്‍ (കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹബ്ബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി) ആപ്പെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ വിവര സങ്കേതമാണിത്. കര്‍ഷകര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോര്‍ട്ടലാണ് കതിരെന്നും 3 ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാര്‍ഷിക സംരംഭങ്ങളും കൂട്ടായ്മകളും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തലസ്ഥാനനഗരിയില്‍ കൃഷിവകുപ്പിനായി പുതിയൊരു സമുച്ചയം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കാബ്‌കോ പണികഴിപ്പിക്കുന്ന എക്‌സ്‌പോ സെന്റര്‍ ആന്‍ഡ് അഗ്രിപാര്‍ക്ക് ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ കോമ്പൗണ്ടിലാണ് സ്ഥാപിക്കുക. അഗ്രിപാര്‍ക്കിന്റെ ശിലാസ്ഥാപനം ചിങ്ങം ഒന്ന് ശനിയാഴ്ച രാവിലെ 11:30 ന് കൃഷി വകുപ്പ് മന്ത്രി നിര്‍വഹിക്കും. 65,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള എക്‌സിബിഷന്‍ സെന്ററില്‍ എക്‌സിബിഷനുകള്‍, കണ്‍വെന്‍ഷനുകള്‍, ട്രേഡ് ഷോകള്‍, ബിസിനസ് മീറ്റുകള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.

കാര്‍ഷിക മേഖലയ്ക്ക് നവചൈതന്യവുമായി നവോത്ഥാന്‍ (NAWO-DHAN) പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് അനുയോജ്യമായ ഭൂമി വിട്ടു നല്‍കുവാന്‍ താല്പര്യമുള്ള വ്യക്തികളില്‍ നിന്നും കണ്ടെത്തി, അവിടെ കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍, ഹൈഡ്രോപോണിക്‌സ്, കൃത്യതാ കൃഷി, സംരക്ഷിത കൃഷി, കൂണ്‍ കൃഷി, സംയോജിത കൃഷി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഫാമിംഗ് രീതികള്‍ അവലംബിക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ /ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഇടപെടലില്‍ ഭൂമി ലഭ്യമാക്കുക എന്നതാണ് നവോത്ഥാന്‍ പദ്ധതിയുടെ മുഖ്യ ഉദ്ദേശം. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയും അഗ്രിബിസിനസുമായി ബന്ധപ്പെടുത്തി ആകര്‍ഷകമായ വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ട് കൃഷി വകുപ്പ് നൂതന സംരംഭമായ ‘അനുഭവം'(അസസ്‌മെന്റ് ഫോര്‍ നര്‍ച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആന്റ് അഗ്രികള്‍ച്ചറല്‍ വിസിറ്റര്‍ അസസ്‌മെന്റ് മെക്കാനിസം) നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ കൃഷിഭവനിലും വൃക്തിഗത ക്യു ആര്‍ കോഡുകള്‍ സ്ഥാപിച്ച് കര്‍ഷകരുടെ പ്രതികരണങ്ങള്‍ തത്സമയം ശേഖരിച്ച്, കൃഷിഭവനുകളിലെ സന്ദര്‍ശക രജിസ്‌ട്രേഷന്‍, പ്രതികരണ സംവിധാനങ്ങള്‍ എന്നിവ സുസംഘടിതമാക്കുന്നതിന് അനുഭവം ലക്ഷ്യമിടുന്നു.

സംസ്ഥാനത്തെ കാര്‍ഷികവികസനവും കര്‍ഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതല്‍ ജനകീയവും സുതാര്യവുമാക്കാന്‍ വിവിധ സര്‍ക്കാര്‍യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ ലൈവായി ഓണ്‍ലൈന്‍ പ്രക്ഷേപണം നടത്തുന്നതിന് വെളിച്ചം പദ്ധതി (വിര്‍ച്വല്‍ എന്‍ഗേജ്‌മെന്റ് ഫോര്‍ ലിവറേജിങ് ഇന്ററാക്ടീവ് കമ്യൂണിറ്റി ഹോണ്‍ഡ് അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ്) നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസം വളര്‍ത്തുക, പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുക, തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുക എന്നിവ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തില്‍ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍, ഡയറക്ടര്‍ അദീല അബ്ദുള്ള, സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍, കാബ്‌കോ ഡയറക്ടര്‍ സജു കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *