മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ മുണ്ടേരി ഉള്‍വനത്തില്‍ നിന്ന് 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു.ഇതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. ഇനിയും 200ലധികം പേര്‍ കാണാമറയത്താണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രദേശവാസികള്‍ നല്‍കുന്ന കണക്കനുസരിച്ചാണെങ്കില്‍ 400 പേരെ ഇനിയും കണ്ടെത്താനുണ്ട്.ദുരന്തത്തില്‍ കാണാതായവര്‍ക്കായി ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തിരച്ചിലാണ് നടക്കുന്നത്. പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിര്‍ണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്, ആരോഗ്യപ്രവര്‍ത്തകര്‍, പോത്തുകല്‍ പഞ്ചായത്ത് അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടുസംഘമായാണ് തിരച്ചില്‍ നടക്കുക.ഒരോ ടീമിലും സി.ഐ റാങ്കിലുള്ള പൊലീസുകാര്‍ നേതൃത്വം നല്‍കാനുണ്ടാകും. തിരച്ചിലില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇന്ന് യാത്രതിരിച്ചത്. 30 പേരാണ് സംഘത്തിലുള്ളത്.