കാര്‍വാര്‍: മണ്ണിടിഞ്ഞ് ലോറിയോടൊപ്പം ഭൂമിക്കടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തന സ്ഥലത്ത് സെല്‍ഫിയെടുത്ത കാര്‍വാര്‍ എസ്പിക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം.എസ്പി എം.നാരായണ ഐപിഎസിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെല്‍ഫിയെടുത്തത്.
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ സെല്‍ഫിയെടുത്ത് ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്യാമോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സമൂഹമാധ്യമത്തിലെ പേജ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ‘ഉപയോഗമില്ലാത്ത പൊലീസ് ഓഫിസറെന്നും’ നിരവധിപേര്‍ കമന്റ് ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ശിരൂരില്‍ ദേശീയപാത 66ല്‍ കുന്നിടിഞ്ഞ സ്ഥലത്ത് ഗ്രൗണ്ട് പെനെട്രേറ്റ് റഡാര്‍ (ജിപിആര്‍) വഴി തിരച്ചില്‍ തുടരുന്നു എന്നാണ് എസ്പി സമൂഹമാധ്യമത്തില്‍ പറഞ്ഞത്. സെല്‍ഫിക്കൊപ്പം റഡാറിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി.അര്‍ജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ ബന്ധുക്കളെയും വാഹന ഉടമയെയും രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രയേലിനെയും കര്‍ണാടക പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. എസ്പിക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. രഞ്ജിത്തിനെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. മര്‍ദനമേറ്റതായി ബന്ധുക്കള്‍ പിന്നീട് സ്ഥലത്തെത്തിയ മന്ത്രി മംഗാള വൈദ്യയോട് പരാതി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് രഞ്ജിത്ത് ഇസ്രയേലിനെയും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനെയും രക്ഷാപ്രവര്‍ത്തന സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നു.