പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച കര്‍ക്കടക സംക്രമ ചടങ്ങുകള്‍ക്ക് ശേഷം നടയടച്ചു. മിഥുനത്തില്‍ ഒരു ദിവസം അധികമുള്ളതിനാല്‍ വടക്കേ മലബാറില്‍ ചൊവ്വാഴ്ചയാണ് സംക്രമം കുറിച്ചത് .ഓഗസ്റ്റ് 16ന് ചിങ്ങ സംക്രമ നാളില്‍ നട തുറക്കും വരെ പ്രധാന നേര്‍ച്ച വഴിപാടുകളായ കൂട്ടം അടിയന്തിരവും അടിച്ചുതളി സമാരാധനയും ഉണ്ടാവില്ല. ചിങ്ങത്തില്‍ എല്ലാ ദിവസവും ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന ഈ നേര്‍ച്ചാ സമര്‍പ്പണങ്ങള്‍ ഉണ്ടാകും. മറ്റു മാസങ്ങളില്‍ ചൊവ്വാ, വെള്ളി ദിവസങ്ങളിലാണ് ഇവ നടക്കുക. ഭക്ഷണം പ്രസാദമായി വിളമ്പുന്ന നേര്‍ച്ച വഴിപാടാണിത്. കൂട്ടം അടിയന്തിരത്തിന് കെട്ടിചുറ്റിയ തെയ്യങ്ങളും ഉണ്ടാകും. ജാതി മത വേര്‍തിരിവില്ലാതെ ഭണ്ഡാര വീട്ടില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഉച്ചഭക്ഷണം പ്രസാദമായി വിളമ്പുന്ന സവിശേഷ പ്രാര്‍ഥന സമര്‍പ്പണമാണിത്. നേര്‍ച്ച സമര്‍പ്പിക്കുന്നവരുടെ ഹിതമനുസരിച്ച് പായസവും വിളമ്പും.നേര്‍ച്ച സമര്‍പ്പണം ആര്‍ക്കും ക്ഷേത്രത്തില്‍ ബുക്ക് ചെയ്യാമെങ്കിലും കാത്തിരിപ്പ് വേണ്ടിവരും. കല്പിതമായുള്ള ദേവസ്വം വക കൂട്ടം അടിയന്തിരങ്ങള്‍ നടത്തുന്ന ദിവസം പ്രാര്‍ഥന നേര്‍ച്ചകള്‍ ഉണ്ടാവില്ല. ചിങ്ങത്തില്‍ അഷ്ടമി രോഹിണി, ഉത്രാടം, തിരുവോണം, നിറ ഒഴികെയുള്ള ദിവസങ്ങളില്‍ നേര്‍ച്ച സമര്‍പ്പണവും അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ.ബാലകൃഷ്ണന്‍ അറിയിച്ചു.ചിങ്ങത്തില്‍ പതിവായി നടത്തുന്ന ക്ഷേത്ര യു. എ. ഇ.കമ്മിറ്റിയുടെയും സീമെന്‍സ് അസോസിയേഷന്റെയും വക പ്രാര്‍ഥന കൂട്ടവും ഇതില്‍ പെടും. ഡിസംബര്‍ വരെ നേര്‍ച്ച നടത്താനുള്ള തീയതികള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ബുക്ക് ചെയ്ത നൂറില്‍പരം നേര്‍ച്ചകള്‍ക്ക് തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍:9895268900, 9447449657. കഴക പരിധിയിലെ മിക്ക വയനാട്ടുകുലവന്‍ തറവാടുകളിലും മരണപ്പെട്ടവരുടെ ഓര്‍മയ്ക്കായി ചൊവ്വാഴ്ച സന്ധ്യാനേരത്ത് പടിഞ്ഞാറ്റയില്‍ ഇലയിട്ട് ചക്കര ചോറ് വിളമ്പല്‍ (ചത്തോര്‍ക്ക് കൊടുക്കല്‍) ചടങ്ങും നടന്നു.