നീലേശ്വരം: പള്ളിക്കര മേല്‍പ്പാലത്തിനു മുകളില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് വീണു കിടന്ന രണ്ടു പേരെ സമയോചിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിനും, അതുവഴി അവര്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പു വരുത്തുന്നതിനും ഇടപെട്ട് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ പഴനെല്ലിയിലെ പി.വി.പ്രണവ്,വൈഷ്ണവ്.കെ, വിഷ്ണുപ്രസാദ്.സി, പ്രശോഭ്, അരുണ്‍.പി.വി, ജിക്കു.കെ, സന്ദീപ്. എന്നീ യുവാക്കളെ പഴനെല്ലി ഫ്രന്റ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അപകടം നടന്ന് ഏറെക്കഴിഞ്ഞു ആരാലും ശ്രദ്ധിക്കാതെ റോഡില്‍ വീണു കിടന്ന രണ്ടു പേരെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് മാതൃകയായത്.ഒരു മനുഷ്യന്‍ എന്ന നിലയില്‍ സഹജീവികളെ ആപത്ഘട്ടങ്ങളില്‍ സഹായിക്കുക എന്ന സ്‌നേഹ സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ അവര്‍ സമൂഹത്തിന് നല്‍കിയത്.റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ വി.മാധവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും യുവാക്കളെ ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് വി.സുരേശന്‍ അധ്യക്ഷത വഹിച്ചു. പി.വി.സതീശന്‍, വി.എം.ചന്ദ്രന്‍ ,സി.കെ.ചന്ദ്രന്‍,വിനീത.വി.എം, കെ.വി.ഷീബ, വിഷ്ണുപ്രസാദ്.സി, പ്രശോഭ് എന്നിവര്‍ സംസാരിച്ചു.പി.ബാബു സ്വാഗതവും, പി.വി.ജയന്‍ നന്ദിയും പറഞ്ഞു.