പാലക്കുന്ന് : മഴക്കാലമായാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീഴ്ച തീര്‍ച്ച. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ റെയില്‍വേ ഗേറ്റിന്റെ വടക്കോട്ടുള്ള ഭാഗത്താണ് വഴുക്കള്‍ കൂടുതല്‍. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍ വീഴുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇന്നലെ വഴുതി വീണവരില്‍ മംഗ്ലൂരിലേക്ക് ചികിത്സയ്ക്ക് പോകുന്ന 70 കാരനും പെടും.കൈക്ക് നിസ്സാര പരുക്ക് പറ്റിയെങ്കിലും റെയില്‍പ്പാളത്തിലേക്ക് വീഴാതെ രക്ഷിച്ചത് മറ്റ് യാത്രക്കാര്‍. വിവിധ ദിവസങ്ങളില്‍ കോളേജ് കുട്ടികളടക്കം പലരും വീഴുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.ലയണ്‍സ് ക്ലബ് അടക്കം ഏതാനും സംഘടനകള്‍ വഴുക്ക് മാറ്റാന്‍ മുന്‍വര്‍ഷങ്ങളില്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. സേവനം തുടരുന്നത് കൊണ്ടായിരിക്കാം റയില്‍വേ പ്ലാറ്റ്‌ഫോമിലെ വഴുക്ക് മാറ്റാന്‍ മുന്‍കൈ എടുക്കാത്തതെന്ന പ്രതിഷേധത്തിലാണ് സന്നദ്ധ സംഘടനകളുടെ പിന്‍മാറ്റത്തിന് കാരണമെന്നറിയുന്നു. അതേ സമയം പ്രശ്‌നം പരിഹരിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകാന്‍ റയില്‍വേ ഒരുങ്ങുകയാണ്. അതിനായുള്ള സാമഗ്രികള്‍ ഇറക്കിവെച്ചിട്ടുണ്ട്.