പാലക്കുന്ന് : കേരള ആരോഗ്യ സര്‍വകലാശാല 2024ല്‍ നടത്തിയ പി. ജി.
ആയുര്‍വേദ പരീക്ഷയില്‍ അനഘ മധുസൂദനന്‍ ഒന്നാം റാങ്ക് നേടി. പറശ്ശിനികടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പിജി പഠനം പൂര്‍ത്തിയാക്കിയത്. നീലേശ്വരം രാജാസില്‍ നിന്ന് എസ് എസ് എല്‍ സി യും പിലിക്കോട് സ്‌കൂളില്‍ നിന്ന് പ്ലസ് ടുവും പൂര്‍ത്തിയാക്കിയ ശേഷം കര്‍ണാടക ഹാസനിലെ എസ്ഡിഎം കോളേജില്‍ നിന്ന് ആയുര്‍വേദത്തില്‍ ബിരുദം എടുത്തു. അവിടെ തന്നെ ആര്‍എംഒ യായി ഒരു വര്‍ഷം ജോലി ചെയ്ത ശേഷമാണ് പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ അഗദതന്ത്രത്തില്‍ (വിഷ സംബന്ധ വിഷയം) പിജിയ്ക്ക് ചേര്‍ന്നത്. ഉയര്‍ന്ന മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് കാരിയെന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നിയതും സ്വാഭാവികം. മെഡിസിന്റെ ഏത് വിഭാഗത്തില്‍ ആയാലും സ്റ്റെതസ്‌കോപ് കയ്യിലെടുക്കണമെന്ന ഒരാഗ്രഹം പഠിക്കുമ്പോള്‍ തന്നെ മനസ്സില്‍ സൂക്ഷിച്ചിരുന്നുവെന്ന് അനഘ പറയുന്നു.
അച്ഛന്‍ മധുസൂദനന്‍ ഏറെ നാള്‍ ജപ്പാനില്‍ ആയിരുന്നു. കോവിഡ്കാലത്ത് തിരിച്ചു വന്നു. അമ്മ ബേബി സജിനി പാലക്കുന്ന് ക്ഷേത്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പോടി എഎല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. എഞ്ചിനീയറിങ് ബിരുദധാരിയായ പെരിങ്ങോത്ത് ടി. ഗോകുലിന്റെ ഭാര്യയാണ്അനഘ. സഹോദരന്‍ യദുകൃഷ്ണ കോട്ടയം എം. ജി. യൂണിവേഴ്‌സ്സിറ്റി ബി എസ് സി ഫുഡ് ടെക്‌നോളജിയില്‍ അഞ്ചാം റാങ്ക് ഹോള്‍ഡര്‍ ആണ്.