വിവാ ക്യാമ്പയിന്‍ – പരിശോധന പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട് .

അനീമിയ അഥവാ വിളര്‍ച്ച എന്ന രോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ ഇടപെടലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന വിവാ ക്യാമ്പയിന്‍ .സ്ത്രീകള്‍ക്കിടയിലെ രക്തക്കുറവ് അഥവാ അനീമിയയെ നേരത്തെ കണ്ടെത്താനും ചികിത്സകള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതിയില്‍ 15 നും 59 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്..
ഈ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കുകയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് . വിളര്‍ച്ച പരിശോധന നൂറു ശതമാനം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന പ്രഖ്യാപനവും ഇതിനായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള ആദരവും കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവര്‍ത്തകരെ ഉപഹാരം നല്‍കി ആദരിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍.
ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷന്മാരായ സി.വി.ചന്ദ്രമതി, കെ.വി. വിജയന്‍ , സുലോചന .വി.വി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത. എം. വി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രേഷ്ണ . പി , രവീന്ദ്രന്‍ മാണിയാട്ട്, റഹീന പി. കെ , ജില്ലാ എഡ്യുകേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.സി.വി.സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി.വി മഹേഷ് കുമാര്‍ സ്വാഗതവും പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് വിനോദിനി.കെ. ര നന്ദിയും പറഞ്ഞു.

ജനകീയ കൂട്ടായ്മയിലൂടെ മുന്‍കാലങ്ങളില്‍ ശുചിത്വ മേഖലയിലും ഊര്‍ജ്ജ സംരക്ഷണ മേഖലയിലും രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ മേഖലയില്‍ നടത്തിവരുന്ന സമഗ്ര ഇടപെടലുകളുടെ തുടര്‍ച്ച തന്നെയാണ് വിവ ക്യാമ്പയിനിലൂടെയും നടത്തിയത്.
15 നും 59 നും ഇടയില്‍ പ്രായമുള്ള 8453 സ്ത്രീകളാണ് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. ഇവരെ എല്ലാവരെയും Hb പരിശോധന നടത്തുവാനും വിളര്‍ച്ച ബാധിതര്‍ എന്ന് കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുവാനുമാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.
ഇതിനായി പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായും ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ , സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റി രൂപീകരിച്ചു..വാര്‍ഡ് തലത്തില്‍ വാര്‍ഡ് തല ശുചിത്വ പോഷണ സമിതികള്‍ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് തല സമിതി നിര്‍ദ്ദേശം നല്‍കി.ഓരോ വാര്‍ഡിലും 50 വീടുകള്‍ കേന്ദ്രീകരിച്ച് ‘വിവാ അയല്‍ സഭകള്‍ ‘രൂപീകരിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സംഘടിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും സന്നദ്ധ സംഘടനകള്‍ ,ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹീമോഗ്ലോബിന്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു ..ജനങ്ങളുടെ സൗകര്യാര്‍ത്ഥം രാത്രികളില്‍ പോലും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഏറ്റെടുത്തു.നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെയും മറ്റ് ഇടപെടലുകളിലൂടെയും 15 നും 59 നും ഇടയില്‍ പ്രായമുള്ള 8453 പേരില്‍ 8318 പേരുടെ ഹീമോഗ്ലോബിന്‍ പരിശോധന ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.അനീമിയ കണ്ടെത്തിയവര്‍ക്ക് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം വഴി അയണ്‍ ഗുളികകള്‍ ലഭ്യമാക്കുകയും അവരുടെ തുടര്‍ പരിശോധന ഉറപ്പാക്കുകയും ചെയ്തു വരുന്നു.
കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ട് ഇലക്കറികളുടെ അടുക്കളത്തോട്ടം എന്ന പദ്ധതി വിളര്‍ച്ച വിമുക്ത പഞ്ചായത്ത് എന്നതിന്റെ ഭാഗമായി നടപ്പിലാക്കാനാണ് തുടര്‍പ്രവര്‍ത്തനം എന്നുള്ള അര്‍ത്ഥത്തില്‍ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *