ജൂണ്‍ എട്ടു മുതല്‍ 15 വരെ പാനീയ ചികിത്സ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൂളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പി വി നിര്‍വഹിച്ചു. കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി .സവിത അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ് ബി ദിനാചരണ സന്ദേശം നല്‍കി. മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷമീമ തന്‍വീര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ബിഭീഷ് നന്ദിയും പറഞ്ഞു.
മൂളിയാര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ ഇ,മൂളിയാര്‍ ഗ്രാമ പഞ്ചായത്തംഗം അബ്ബാസ്സ് കൊളച്ചെപ്പ്,ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ ,എം സി എച്ച് ഓഫീസര്‍ ശോഭ എം,ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ പ്രശാന്ത് എന്‍ പി, സയന എസ്. സി. ഡി.പി.ഒ രജനി. എം, എപ്പിഡമോളജിസ്റ്റ് ഫോളോറി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് വയറിളക്ക രോഗവും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗ്ഗീസ് ക്ലാസ്സെടുത്തു.
വയറിളക്കരോഗ ചികിത്സയില്‍ ORS ന്റെ പ്രാധാന്യം , ORS തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തില്‍ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്.
വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാം
വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വ്യക്തിശുചിത്വം പാലിക്കുക.
മലമൂത്ര വിസര്‍ജ്ജനം ശൗചാലയങ്ങളില്‍ മാത്രം നടത്തുക.
ശൗചാലയം ഉപയോഗിച്ചതിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.
വൃത്തിയുള്ള ഇടങ്ങളില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കുക.
വയറിളക്കരോഗം ഉണ്ടായാല്‍ ഉടന്‍തന്നെ ORS (Oral Rehydration Solution) നല്‍കുക.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലും ORS ഡിപ്പോകളിലും ORS സൗജന്യമായി ലഭ്യമാണ്.
ORS കുടിക്കുന്നതുമൂലം രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കും.
ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഒ. ആര്‍. എസി നൊപ്പം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്.
വാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 8 മുതല്‍ 15 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങള്‍ കേന്ദ്രികരിച്ചു പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ രാംദാസ് എ വി അറിയിച്ചു.