കുഴല്‍ കിണര്‍ കുഴിക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തികൊലപ്പെടുത്തി കേസില്‍ 3 സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് 18 വര്‍ഷം കഠിന തടവും 8 ലക്ഷം രൂപ വീതംപിഴയും വിധിച്ചു. ചിത്താരി രാവണേശ്വരം പാടിക്കാനത്തെ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷ വിധിച്ചത്. കുമാരന്റെ സഹോദരങ്ങളായ പാടിക്കാനം രാവണേശ്വരത്തെ പി.എ ശ്രീധരന്‍ (57 ), നാരായണന്‍(49 ) പത്മനാഭന്‍ (64), പത്മനാഭന്റെ മകന്‍ സന്ദീപ് (34) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. കുമാരനും സഹോദരങ്ങളും തമ്മില്‍ സ്വത്ത് സംബന്ധിച്ച തര്‍ക്കം നിലനിന്നു വരവെ 2016 ഡിസംബര്‍ 31ന് രാത്രി പത്തര മണിക്ക് കുമാരന്റെ വീടിന് സമീപമുള്ള സ്ഥലത്ത് കുമാരന് വേണ്ടി ബോര്‍വെല്‍ കുഴിക്കാന്‍ വണ്ടി വന്നത് പ്രതികള്‍ തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കുമാരനെ കൊലപ്പെടുത്തുകയും ,ഭാര്യ വത്സല, മകന്‍ പ്രസാദ് എന്നിവരെ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് നാലു പ്രതികള്‍ക്കും മന: പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും, കൊലപാതകശ്രമത്തിനും 18 വര്‍ഷം വീതം കഠിന തടവും, 8 ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ നാലു വര്‍ഷം വീതം അധിക തടവും വിധിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി 27 സാക്ഷികളെ വിസ്തരിക്കുകയും, 31 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ഇ.ലോഹിതാക്ഷന്‍, മുന്‍ പ്രോസിക്യൂട്ടറായ കെ.ബാലകൃഷ്ണനും ഹാജരായി ,ഹോസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഹോസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടറായിരുന്ന സി.കെ സുനില്‍ കുമാറാണ്, പിഴ തുക മരണപ്പെട്ട കുമാരന്റെ ആശ്രിതര്‍ക്ക് നല്‍കാനും കൂടാതെ,അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.