നീലേശ്വരം : എന്‍.കെ. ബി.എം. എ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.വി. ഗിരീശന്‍ മാഷ് 38 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു
ശേഷം പടിയിറങ്ങി. മെയ് 31 ന് ഹാജര്‍ പുസ്തകത്തില്‍ തന്റെ അവസാനത്തെ കൈയൊപ്പ് ചാര്‍ത്തിയ ശേഷം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ സ്‌കൂളില്‍ നിന്നും 14 കി.മീറ്റര്‍ നടന്നാണ് ഏറെ വൈകി അദ്ദേഹം കരിവെള്ളൂരിലെ വീട്ടിലെത്തിയത്. കൂടെ ഭാര്യ കരിവെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കെ.ഷീജ ടീച്ചറും.38 വര്‍ഷത്തിനിടയില്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും വന്ന മാറ്റങ്ങള്‍ വാഹന യാത്രയില്‍ ഒരു ഗവേഷണ വിദ്യാര്‍ഥിയുടെ കൗതുകത്തോടെ നിരീക്ഷിച്ച ഗിരീശന്‍ മാഷ് അവസാനദിവസം പ്രകൃതിക്കും മനുഷ്യനും സംഭവിച്ച വ്യതിയാനങ്ങളെ നേര്‍ക്കാഴ്ചയായി മനസ്സില്‍ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവസാന ദിവസം മടക്കയാത്ര അവിസ്മരണീയമായ അനുഭവമാക്കിയത്. പതിനെട്ടാം വയസില്‍ 1986 ജൂണ്‍ 20 ന് ആണ് മാഷ് സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്. നാലര പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം മാത്രം ബാക്കിയിരിക്കെ അധ്യാപകനായും 12 വര്‍ഷം പ്രഥമാധ്യാപകനായും അയ്യായിരത്തോളം ശിഷ്യര്‍ക്ക് സ്‌നേഹച്ചൂരലിന്റെ മാന്ത്രിക സ്പര്‍ശം സമ്മാനിച്ച അപൂര്‍വമായ നേട്ടത്തിന് ഉടമയായി. അച്ഛനും അമ്മയും മക്കളും മുത്തശ്ശനും മുത്തശ്ശിയുമടക്കമുള്ള ശിഷ്യരുള്ള നൂറിലധികം കുടുംബങ്ങള്‍ മറ്റൊരു സവിശേഷത. തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനെ അവസാനമായി സ്‌കൂള്‍ മുറ്റത്ത് വെച്ച് കാണാനും യാത്ര അയയ്ക്കാനും അവധി ദിവസമായിട്ടും നിരവധി രക്ഷിതാക്കളും കുട്ടികളും ഒപ്പം സഹ പ്രവര്‍ത്തകരും സ്‌കൂളിലെത്തി. പള്ളിക്കര മേല്‍പ്പാലം വരെ രണ്ടര കി.മീ. ദൂരം മാഷെ അനുഗമിച്ചു. വഴിയിലുടനീളം ക്ലബ്ബുകളും സംഘടനകളും പൂര്‍വ വിദ്യാര്‍ഥികളും പൊന്നാടയണിയിച്ചു. ജില്ലയിലെ തന്നെ മികച്ച ഗണിതാധ്യാപകനായ ഗിരീശന്‍ മാഷിന്റെ ശിക്ഷണത്തില്‍ ജില്ല – സംസ്ഥാന മത്സരങ്ങളില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. വര്‍ഷങ്ങളോളം സ്‌ക്കൂള്‍ മേളകളില്‍ സജീവം. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ ഭക്ഷണശാലയില്‍ മുഖ്യ ചുമതലക്കാരന്‍.പ്രവര്‍ത്തിപരിചയ മേളയിലും സജീവം .ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നം ചോക്ക് നിര്‍മാണം തുടങ്ങിയ ഇനങ്ങളില്‍ നിരവധി വിദ്യാര്‍ഥികളെ സംസ്ഥാന മേളയില്‍ പങ്കെടുപ്പിച്ചിട്ടുണ്ട് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും ഇപ്പോഴുള്ള വിദ്യാര്‍ഥികളും നിര്‍മിച്ച ചിരട്ട ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ നഗരിയിലും ബി.ആര്‍.സി. പ്രദര്‍ശന മേളയിലും നടത്തിയിട്ടുണ്ട്. ചിരട്ട ഉല്‍പന്നം പരിശീലിച്ച നിരവധി വിദ്യാര്‍ഥികള്‍ ഇന്നും അത് ചെയ്യുന്നുണ്ട്.
മാതൃഭൂമിയുടെ പ്രാദേശിക പത്രപ്രവര്‍ത്തകനായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു സംസ്ഥാനത്തെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള കെ. രാഘവപൊതുവാള്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ വിദദ്ധരുടെയും പൊതു സമൂഹത്തിന്റെയും പ്രശംസ വേണ്ടുവോളം വിദ്യാലയത്തിന് നല്‍കിയാണ് മാഷ് യാത്രയായത്. തിരുവനന്തപുരം സി.ഇ.ടി. എഞ്ചിനീയറിംഗ് വിദ്യാര്‍ഥി സവിനയ് കൃഷ്ണ മകനാണ്