ആരോഗ്യകരമായ ഗാര്‍ഹികാന്തരീക്ഷം ഉറപ്പാക്കാന്‍ വാര്‍ഡ്തല ബോധവത്ക്കരണം ശക്തിപ്പെടുത്തും: വനിതാ കമ്മിഷന്‍

ആരോഗ്യകരമായ ഗാര്‍ഹികാന്തരീക്ഷം ഉറപ്പാക്കാന്‍ വാര്‍ഡ്തല ബോധവത്ക്കണം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തി വരുന്ന സിറ്റിംഗുകളില്‍ കുടുംബ ജീവിതത്തിലെ സങ്കീര്‍ണതകളും ആരോഗ്യകരമല്ലാത്ത ഗാര്‍ഹികാന്തരീക്ഷവും ചര്‍ച്ചയാകുന്നുണ്ട്. ഈ പ്രവണതയ്‌ക്കെതിരെ വാര്‍ഡ് തല ജാഗ്രതാ സമിതികളിലൂടെ കുടുംബത്തക്കുറിച്ചും ഭാര്യാ ഭര്‍ത്തൃ ബന്ധങ്ങളെക്കുറിച്ചും വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതു സംബന്ധിച്ചും ബോധവത്ക്കരണം നടത്തും. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലുള്ള ചെറിയ പ്രശ്‌നങ്ങളെ മാതാപിതാക്കള്‍ ഇടപെട്ട് സങ്കീര്‍ണമാക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍, ദമ്പത്യം, സൗഹൃദങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുകയാണ്. ഇത് കൂടുതല്‍ ശക്തപ്പെടുത്തേണ്ടതുണ്ടെന്നാണ് സിറ്റിംഗുകളില്‍ നിന്ന് മനസിലാകുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തൊഴില്‍ ഇടങ്ങളിലെ സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്റേണല്‍ കമ്മിറ്റി ആവശ്യമാണെന്ന നിയമം ഉണ്ടെങ്കിലും കമ്മിറ്റികളുടെ പ്രവര്‍ത്തനം നടക്കാത്തതിനാല്‍ അത്തരം പരാതികളും കമ്മിഷന് മുന്നില്‍ എത്തുന്നുണ്ട്. സ്‌കൂള്‍ പ്രധാന അധ്യാപികയും സ്‌കൂളിലെ തന്നെ അധ്യാപകനും തമ്മിലുണ്ടായ തര്‍ക്കം സിറ്റിംഗില്‍ പരിഗണനയ്ക്കെത്തുകയും പരിഹരിക്കുകയും ചെയ്തു. സ്ത്രീകള്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും നിയമം അനുശാസിക്കുന്ന ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കണം. പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും സ്ത്രീ തൊഴിലാളികള്‍ക്ക് വേണ്ടി പോഷ് ആക്ട് അനുശാസിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പിടിഎയുടെ പ്രവര്‍ത്തനം വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അനുസരിച്ച് തന്നെ നടത്തേണ്ടതുണ്ടെന്നും മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
സിറ്റിംഗില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 23 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ആകെ 33 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. പി. സിന്ധു, ഫാമിലി കൗണ്‍സലര്‍ രമ്യ ശ്രീനിവാസന്‍, വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. സീത, ഡബ്ല്യു.സി.പി.ഒ കെ.സി. ഷീമ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *