കള്ളാര്‍ അടോട്ടുകയ റോഡ് വക്കില്‍ മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നല്‍കി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍.കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ കള്ളാര്‍ അടോട്ട്കയ പിഡബ്ല്യുഡി റോഡിന് പത്തു കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ പണി ഏകദേശം പൂര്‍ത്തീകരിച്ചു. ഈ റോഡിന്റെ സൈഡില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നു.ഈ രണ്ടു വീടും റോഡില്‍ നിന്നും രണ്ടുമീറ്റര്‍ മാത്രം വീതിയിലും 6 മീറ്റര്‍ ഉയരത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. വീടിരിക്കുന്ന റോഡിന്റെ തുടക്കം മുതല്‍ എസ്റ്റിമേറ്റ് എടുക്കുമ്പോള്‍ നാട്ടുകാരും കമ്മിറ്റിക്കാരും പഞ്ചായത്തും ആവശ്യപ്പെട്ടതാണ് ഈ വീട് സംരക്ഷിക്കുന്നതിന് മുന്‍ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് കൊടുക്കണമെന്ന്.ഇത് എസ്റ്റിമേറ്റില്‍ ഉണ്ട് എന്നാണ് എന്‍ജിനീയര്‍ വിഭാഗവും കോണ്‍ട്രാക്ടറും ധരിപ്പിച്ചതെന്നും മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ക്രീറ്റ് ചെയ്യാനാണെന്നും പറഞ്ഞ് രണ്ട് മീറ്ററോളം വീണ്ടും വീടിന് സൈഡിലേക്ക് മണ്ണെടുത്തുവെന്നും ടി കെ നാരായണന്‍ പരാതിയില്‍ സൂചിപ്പിച്ചു. ഇപ്പോള്‍തന്നെ കോണ്‍ക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞാണ് മണ്ണെടുത്തത്. എന്നാല്‍ നാളിതുവരെയായും പണി എടുത്തിട്ടില്ല. ഈ കഴിഞ്ഞ ദിവസം മഴയ്ക്ക് വീടിന്റെ സൈഡ് വരെ ഇടിയുകയും ബാക്കി ഭാഗം പൊട്ടിക്കിടക്കുകയും ചെയ്യുകയാണ്. ശക്തമായ ഒരു മഴപെയ്താല്‍ വീട് അടക്കം ഇടിഞ്ഞുപോകുന്ന അവസ്ഥയാണ് നിലവില്‍. ഈ വീട്ടില്‍ താമസിക്കുന്നവര്‍ ഒരു കാരണവശാലും മാറി താമസിക്കുവാന്‍ തയ്യാറല്ല. അവിടെ താമസിക്കുന്നിടത്തോളം കാലം ഇവരുടെ ജീവന് ഭീഷണിയാണ്. ഈ പ്രശ്നം എന്‍ജിനീയറെയും കോണ്‍ട്രാക്ടറെയും അറിയിച്ചുവെങ്കിലും ആവശ്യമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. അടിയന്തരമായി ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനും വീട് സംരക്ഷിക്കുന്നതിനും നടപടിയെടുക്കണമെന്നും ഈ പ്രശ്നം അറിയിച്ചിട്ടും ആവശ്യമായ ഇടപെടലുകള്‍ നടത്താത്ത എന്‍ജിനീയര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും എതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ആവശ്യപ്പെട്ടു