ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അഭ്യര്‍ഥിച്ചു. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനും സമരക്കാര്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വമായ ഇളവുകളും സാവകാശവും അനുവദിച്ചു നല്കുന്നതിനും സര്‍ക്കാര്‍ സന്നദ്ധമായി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദിനം പ്രതിയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു. ഇക്കാര്യത്തില്‍ അനുവദിക്കാവുന്ന പരമാവധി വര്‍ദ്ധിപ്പിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറായത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചത്. ഇപ്പോഴത്തെ പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലെതന്നെ പ്രധാനമാണ് ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടയാത്രക്കാരും അടക്കമുള്ളവരുടെ ജീവല്‍ സുരക്ഷയുമെന്ന് ലൈസന്‍സ് എടുക്കുന്നവര്‍ മനസ്സിലാക്കണം. അത്തരം അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി സജ്ജരാക്കുന്നതെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും ഉറപ്പു വരുത്തണം. ഇതൊന്നും പാലിക്കാതെയും നിയമത്തില്‍ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസന്‍സുകള്‍ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ല. ഇപ്പോള്‍ നടക്കുന്ന സമരം തികച്ചും അനാവശ്യവും പൊതുജന താല്‍പര്യത്തിനെതിരും നിയമവിരുദ്ധവും കോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരുമാണ്.
ഡ്രൈവിംഗ് ടെസ്റ്റിന് സ്ലോട്ട് അനുവദിച്ചു കിട്ടിയിട്ടുള്ളവര്‍ അതാത് ദിവസം കൃത്യമായി ഹാജരായി ടെസ്റ്റ് എടുക്കണം. ബോധപൂര്‍വ്വം മാറി നില്‍ക്കുമ്പോള്‍ അടുത്ത ടെസ്റ്റിന് അര്‍ഹത ലഭിക്കുവാന്‍ കാലതാമസമുണ്ടാകും. ബഹിഷ്‌കരണങ്ങള്‍ നടക്കുന്നതിനിടയില്‍ പലയിടങ്ങളിലും സ്ലോട്ട് അനുസരിച്ച് ആളുകള്‍ കൃത്യമായി എത്തി ടെസ്റ്റ് പാസ്സായി പോകുന്നുമുണ്ട്.ഓരോ ദിവസവും അനുവദിക്കപ്പെട്ട സ്ലോട്ടുകളില്‍ പങ്കെടുക്കേണ്ടവര്‍ വരാതിരിന്നാല്‍ അവര്‍ക്കു പകരമായി തൊട്ടടുത്ത ദിവസങ്ങളിലെ സ്ലോട്ടില്‍ നിന്നും സന്നദ്ധത അറിയിക്കുന്ന നിശ്ചിത എണ്ണം ആളുകളെ ഉള്‍പ്പെടുത്തി വെയിറ്റിംഗ് ലിസ്റ്റ് തയ്യാറാക്കി ടെസ്റ്റ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് സുഗമമായി നടത്തുന്നതിന് പരമാവധി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ടെസ്റ്റിനുള്ള ഗ്രൗണ്ടുകള്‍ അടിയന്തിരമായി സജ്ജമാക്കുവാന്‍ ആര്‍. റ്റി. ഒ. മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ അവ വാടകയ്ക്കെടുത്ത് ടെസ്റ്റ് മുടക്കം കൂടാതെ നടത്തുന്നതിനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
സ്ലോട്ട് ലഭിച്ച് ടെസ്റ്റിന് എത്തിച്ചേരുന്ന അപേക്ഷകരെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ തടസ്സപ്പെടുത്തുന്നതും, ബാഹ്യ ശക്തികളുമായി ചേര്‍ന്ന് നിസ്സാര കാരണങ്ങള്‍ പറഞ്ഞു മടക്കി അയയ്ക്കുന്നതും ചില ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദ്ദേശവും സര്‍ക്കാരിന്റെ ഉത്തമ താല്പര്യങ്ങളടങ്ങിയ നിര്‍ദ്ദേശങ്ങളും ജാഗ്രതാപൂര്‍വ്വം പാലിക്കുവാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടായാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.