കുടിവെള്ളക്ഷാമം. പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍

രാജപുരം: മലയോര പഞ്ചായത്തായ കള്ളാര്‍ പഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു. ഈ സാഹചര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കാപ്പുംകര-പെരുമ്പള്ളി കുടിവെള്ള പദ്ധതിയുടെ പൈപ്പ് വിവിധയിടങ്ങളില്‍ പൊട്ടി അതുവഴി ജലം നഷ്ടമാകുകയും ചെയ്യുന്നു. പലതവണയായി ശ്രദ്ധയില്‍പെടുത്തിയിട്ടും കേരള വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ആയതിനാല്‍ പ്രശ്‌നം പരിഹരിക്കാത്ത പക്ഷം കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മേല്‍ നടപടിയെടുക്കണമെന്നും പ്രസ്തുത കുടിവെള്ള പദ്ധതി ജനോപകാരപ്രദമായി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കാണിച്ച് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, ജല വിഭവ വകുപ്പ് മന്ത്രി, എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്‍കി. എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും. അല്ലാത്തപക്ഷം കുടിവെള്ളക്ഷാമം വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചേരുമെന്നും ഇദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *