കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി പി. ബിജോയിയും പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ സംയുക്തപരിശോധന നടത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കളക്ടറും പോലീസ് മേധാവിയും സന്ദര്‍ശിച്ചത്. സ്‌ട്രോംഗ് റൂമുകള്‍ പരിശോധിച്ചു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പോളിംഗ് സാമഗ്രികളുടെ വിതരണം അനായാസമാക്കണം എന്ന് ജില്ലാ കളക്ടര്‍ ഉപ വരണാധികാരികള്‍ക്കും ഇ ആര്‍ ഓ മാര്‍ക്കും നിര്‍ദേശം നല്‍കി. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ പി. ബിനുമോന്‍, സൂഫിയാന്‍ അഹമ്മദ്, പി. ഷാജു, ഇ.ആര്‍.ഒ മാരായ പി. ഷിബു, എം. മായ, പി.എം അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.