മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് ; ജില്ലാ കളക്ടര്‍

ലോകസഭ തെരഞ്ഞെടുപ്പ് ; എം.സി.എം.സി പ്രഥമ യോഗം ചേര്‍ന്നു

ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റചട്ട ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍ പറഞ്ഞു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) പ്രഥമ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എം.സി.എം.സിയുടെ ഭാഗമായി മാധ്യമ നിരീക്ഷണവും വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള നിരീക്ഷണവും കര്‍ശനമാക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പെരുമാറ്റ ചട്ടലംഘനങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പെയ്ഡ് ന്യൂസ് നിരീക്ഷണത്തിനും വിപുലമായ സംവിധാനം ജില്ലാതല മീഡിയ സെന്ററിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എം.സി.എം.സി മെമ്പര്‍ സെക്രട്ടറിയും മീഡിയ, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസറുമായ എം.മധുസൂദനന്‍ സ്വാഗതം പറഞ്ഞു. എം.സി.എം.സി അംഗങ്ങളായ കാസര്‍കോട് ആര്‍.ഡി.ഒ പി.ബിനുമോന്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ദേവ്, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.വി.ഗോപിനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *