ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനുള്ള ജില്ലാതല മീഡിയാ സെന്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പി.ബിജോയി, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസി.കളക്ടര്‍ ദിലീപ് കെ കൈനിക്കര, ആര്‍.ഡി.ഒ പി.ബിനുമോന്‍, എം.സി.എം.സി അംഗം പ്രൊഫ.വി.ഗോപിനാഥ്, മീഡിയ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കപില്‍ദേവ്, എം.സി.എം.സി ജീവനക്കാരും പങ്കെടുത്തു.
പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് മീഡിയാ സെന്ററില്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിന് ചുമതലപ്പെട്ട മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മറ്റി പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്.
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എം.സി.എം.സി മെമ്പര്‍ സെക്രട്ടറിയും മീഡിയ സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസറുമായാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ദൃശ്യ ശ്രവ്യ പത്ര മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരന്തരം നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുകയും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുകയുമാണ് സെന്ററിന്റെ പ്രധാന ചുമതലകള്‍. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും വരണാധികാരിക്കും തെരഞ്ഞെടുപ്പ് അക്കൗണ്ടിംഗ് വിഭാഗത്തിനും ദിവസവും റിപ്പോര്‍ട്ട് നല്‍കുന്നതും മീഡിയ സെന്ററിന്റെ പ്രവര്‍ത്തനമാണ്.
സാമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള വ്യക്തിഹത്യ, അപകീര്‍ത്തി, രാജ്യദ്രോഹം, വിദ്വേഷ പ്രചാരണം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയവ നിരീക്ഷിച്ച് അടിയന്തിര നടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുവാന്‍ സോഷ്യല്‍ മീഡിയ എക്സ്പേര്‍ട്ടിന്റെ നിയന്ത്രണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.