സഹകരണം പെന്‍ഷന്‍ ഫണ്ട് : 1000 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കം അപലപനീയം

പാലക്കുന്ന് : സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് താത്ക്കാലികമായി രക്ഷപ്പെടാന്‍ സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന് 1000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള രഹസ്യ നീക്കത്തില്‍ കേരള പ്രൈമറി കോ-ഒപ്പറേറ്റിവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള ബാങ്കില്‍ നിക്ഷേപിച്ച പെന്‍ഷന്‍ ഫണ്ട് തുക കാലാവധിയ്ക്ക് മുമ്പായി പിന്‍വലിച്ച് ട്രഷറിയിലേക്ക് മാറ്റുമ്പോള്‍, പലിശനിരക്കില്‍ വരുന്ന ഭീമമായ നഷ്ടം സുഗമമായ പെന്‍ഷന്‍ വിതരണത്തിന് തടസ്സമാകുമെന്ന് യോഗം ഉള്‍കണ്ഠ രേഖപ്പെടുത്തി..
7 വര്‍ഷമായി 100 രൂപ മാത്രമേ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ. ലഭിച്ചുകൊണ്ടിരുന്ന ഡി.എ. പോലും നിര്‍ത്തലാക്കിയെന്നും യോഗം പരാതിപ്പെട്ടു. സംസ്ഥാന ട്രഷറര്‍ പി. ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷനായി. ബാബു സിറിയക്ക്, എ. ഗംഗാധരന്‍ നായര്‍, വൈ.എം.സി. ചന്ദ്രശേഖരന്‍, വി. നാരായണന്‍, കെ.കെ.തമ്പാന്‍ നായര്‍, കെ. ദിനേശന്‍,പള്ളം ശ്രീധരന്‍, വി. എം. സുകുമാരന്‍, കെ.വി. രാജഗോപാലന്‍, ബി. കൃഷ്ണന്‍, ചിതാനന്തന്‍, സുകുമാരന്‍ കൊവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *