പ്രൗഢോജ്ജ്വലമായി ഏഴാമത് ബിരുദദാന സമ്മേളനം വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധം: ഡോ. സി.വി. ആനന്ദ ബോസ്

പെരിയ: വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാഭ്യാസം ഒരാളെ പ്രാപ്തമാക്കണം. സ്വാതന്ത്ര്യവും ശാക്തീകരണവും സമ്പന്നതയുമാണ് വിദ്യാഭ്യാസം. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഭാവിയുടെ ഏജന്റുമാരാണ് ഇവിടെ നിന്നും ബിരുദം നേടിയിറങ്ങുന്ന ഓരോരുത്തരും. സ്ത്രീകളുടെ വിദ്യാഭ്യാസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും വിദ്യാഭ്യാസം നല്‍കുകയാണ് ചെയ്യുന്നത്. നാരീശക്തി രാജ്യത്തെ നയിക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കാദമിക് രംഗത്തെ സര്‍വകലാശാലയുടെ മുന്നേറ്റവും വികസന പ്രവര്‍ത്തനങ്ങളും സ്വാഗത പ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു വിവരിച്ചു. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് നന്ദി പറഞ്ഞു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പസില്‍ വിവേകാനന്ദ സര്‍ക്കിളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് ആയിരത്തി അഞ്ഞൂറിലേറെപ്പേര്‍ സാക്ഷികളായി.

2023ല്‍ പഠനം പൂര്‍ത്തിയാക്കിയ 957 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നടത്തി. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 16 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ നേരിട്ട് വേദിയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുണ്ടായി. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തത്. വെള്ള നിറത്തിലുള്ള വേഷത്തിന് പുറമെ വിവിധ നിറങ്ങളിലുള്ള ഷാളുകളും ചടങ്ങിന് മിഴിവേകി.

സര്‍വകലാശാലക്ക് അവാര്‍ഡുകള്‍; സര്‍പ്രൈസുമായി ഗവര്‍ണര്‍

ബിരുദദാന ചടങ്ങില്‍ സര്‍വ്വകലാശാലക്ക് അപ്രതീക്ഷിത സമ്മാനമായി അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ പ്രൊഫ. ജാന്‍സി ജെയിംസിനും മികച്ച വിദ്യാര്‍ത്ഥി, മികച്ച അധ്യാപകര്‍, മികച്ച ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലായി ബംഗാള്‍ രാജ്ഭവന്‍ നല്‍കുന്ന നാല് അവാര്‍ഡുകളാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ആദ്യ വൈസ് ചാന്‍സലര്‍ക്കുള്ള അവാര്‍ഡിന് 50000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും. മറ്റുള്ളതിന് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും. അവര്‍ഡിന് അര്‍ഹരാവുന്നവരെ പിന്നീട് ജൂറി തീരുമാനിക്കും. ഗവര്‍ണറുടെ എഡിസി മേജര്‍ നിഖില്‍ കുമാറാണ് വേദിയില്‍ പ്രഖ്യാപനം നടത്തിയത്. കരഘോഷത്തോടെയാണ് സദസ്സ് അവാര്‍ഡ് പ്രഖ്യാപനത്തെ വരവേറ്റത്. കാസര്‍കോടിന്റെ സബ്കളക്ടറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചതെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. ഇവിടേക്ക് വരുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്. ആദ്യമായാണ് കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിക്കുന്നത്. എന്നാല്‍ പ്രൊഫ. ജാന്‍സി ജെയിംസ് ഇതിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഭൂമി വിഷയം ഉള്‍പ്പെടെ നടന്ന ചര്‍ച്ചകളും പ്രയത്‌നങ്ങളും ഗവര്‍ണര്‍ ഓര്‍ത്തെടുത്തു.

ഗോള്‍ഡ് മെഡല്‍

കേന്ദ്രസര്‍വ്വകലാശാലയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ ഗവര്‍ണര്‍ സമ്മാനിച്ചു. അഖില കെ.വി (കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്), അമൃത എ.എസ്. (മാനേജ്‌മെന്റ് സ്റ്റഡീസ്) അനുഷ കെ (മാത്തമാറ്റിക്സ്) എന്നീ വിദ്യാര്‍ത്ഥികളാണ് മെഡലിന് അര്‍ഹരായത്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമമായി ഏര്‍പ്പെടുത്തിയ ഗോള്‍ഡ് മെഡല്‍ വരും വര്‍ഷങ്ങളില്‍ മുഴുവന്‍ പഠന വകുപ്പുകളിലും നല്‍കുന്നതിനുള്ള ശ്രമത്തിലാണ് സര്‍വ്വകലാശാല.

Leave a Reply

Your email address will not be published. Required fields are marked *