തുലാപത്ത് കഴിഞ്ഞു; വയനാട്ടു കുലവന്‍ തറവാടുകള്‍ ഇനി പുതിയൊടുക്കലിന്റെ തിരക്കിലേക്ക്

പാലക്കുന്ന് : പത്താമുദയം കഴിഞ്ഞതോടെ കോലത്തു നാട്ടിലെ തീയസമുദായ തറവാടുകള്‍ പുതിയൊടുക്കലിന്റെ (പുത്തരികൊടുക്കല്‍) തിരക്കിലേക്ക്. എട്ടില്ലം തിരിച്ചുള്ള 123 വയനാട്ടുകുലവന്‍ തറവാടുകള്‍ പാലക്കുന്ന് കഴകത്തില്‍ മാത്രമുണ്ട്. ജില്ലയില്‍ 500 ലേറെ തറവാടുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാനും ദേവസ്ഥാനങ്ങളും പെടും. വയനാട്ടുകുലവനാണ് പ്രധാന പ്രതിഷ്ഠ. കുലവനെകൂടാതെ മഹാവിഷ്ണു, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികന്‍, പൊട്ടന്‍ തുടങ്ങിയ പരിവാര ദൈവങ്ങളെയും ആരാധിക്കുന്നുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ സംഗമസ്ഥാനമാണ് തറവാടുകള്‍.ഓരോ ഇല്ലത്തിനും വെവ്വേറെ തറവാടുകളുണ്ട് . ഒരേ ഇല്ലത്തില്‍ പെടുന്നവര്‍ പരസ്പരം വിവാഹം പാടില്ലെന്നാണ് നിഷ്‌കര്‍ഷ. പഴയ കാലം മുതല്‍ ‘മരുമക്കത്തായം’ പിന്‍തുടര്‍ന്നു വരുന്ന രീതിയാണ് എട്ടില്ലം തറവാടുകളില്‍ നിലനിന്നു വരുന്നത്. തീയരുടെ ധര്‍മദൈവം ആദിപരാശക്തിസ്വരൂപിണിയായ ചാമുണ്ഡിയാണെങ്കിലും ശിവാംശമായ വയനാട്ടുകുലവനെ ‘കുലദൈവ’മായി പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു.

വെളിച്ചപ്പാടന്മാര്‍

തീയ തറവാടുകളില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ തീയ സമുദായത്തില്‍ പെടുന്ന വെളിച്ചപ്പാടന്മാര്‍ക്കു മാത്രമേ അവകാശമുള്ളൂ. വെളിച്ചപ്പാടന്മാര്‍ ക്ഷേത്രത്തില്‍ പോയി കലശംകുളി നടത്തിയ ശേഷമേ തറവാടുകളില്‍ പുതിയൊടുക്കല്‍ ചടങ്ങില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാവൂ എന്നതാണ് രീതി. ‘മഹാവിഷ്ണു -വയനാട്ടുകുലവന്‍ വെളിച്ചപ്പാടന്‍ പരിപാലന സംഘം’ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടന്മാര്‍ തുലാം 9 ന് കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര ദര്‍ശനം നടത്തി. ക്ഷേത്രക്കുളത്തില്‍ സ്‌നാനം ചെയ്ത് ക്ഷേത്ര കര്‍മി നല്‍കിയ തീര്‍ഥജലം ശിരസ്സില്‍ ഒഴിച്ച് കലശംകുളി നടത്തി. അന്ന് കലശം കുളിക്കാന്‍ സാധിക്കാത്തവര്‍ക്ക്, തറവാടുകളില്‍ കര്‍മം ചെയ്യാന്‍ പോകും മുന്‍പേ, തൊട്ടടുത്ത വിഷ്ണുക്ഷേത്രത്തില്‍ നിന്നും കലശംകുളിക്കാമെന്നും സംഘം പ്രസിഡന്റ് അരവിന്ദാക്ഷന്‍ കാസര്‍കോട് പറഞ്ഞു.
തൊണ്ടച്ചന് പുത്തരി വിളമ്പുന്ന ചടങ്ങാണ് പുതിയൊടുക്കല്‍. എല്ലാ അംഗങ്ങളും അന്ന് തറവാട്ടില്‍ എത്തും. വിവാഹിതരായ സ്ത്രീകള്‍ 5 ഇടങ്ങഴി അരിയും ദീപത്തിന് എണ്ണയും കൊണ്ടുവരുന്നതാണ് പഴയ രീതി. നിലവില്‍ അതിന് പകരം അതതു തറവാട് കമ്മിറ്റി നിശ്ചയിക്കുന്ന തുക നല്‍കണം.
ഒരാഴ്ച മുന്‍പേ കുലകൊത്തല്‍ ചടങ്ങ് നടക്കും.

പുതിയൊടുക്കല്‍ ദിവസം സന്ധ്യാദീപത്തിന് ശേഷം ചടങ്ങുകള്‍ തുടങ്ങും. അവകാശികളായ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ ‘വടക്കേം വാതി’ലിനുള്ള തട്ട് ഒരുക്കും. ദൈവത്തെ വരവേല്‍ക്കാനെന്ന സങ്കല്‍പ്പത്തില്‍ തോറ്റം ചൊല്ലും. തുടര്‍ന്ന് തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാട്. ചടങ്ങുകള്‍ക്ക് ശേഷം തറവാട്ടിലെത്തുന്നവര്‍ക്ക് അംശവും (അട)യും തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയും വിളമ്പും. അരിപ്പൊടി, ശര്‍ക്കര, ചിരവിയെടുത്ത തേങ്ങ എന്നിവ ചേര്‍ത്ത് വാഴയിലയില്‍ ചുട്ടെടുക്കുന്നതാണ് അട.തറവാടിലെത്തിയവര്‍ക്കെല്ലാം വാഴഇലയില്‍ അടയും പഴവും നല്‍കും. അരിപൈസയും എണ്ണപൈസയും നല്‍കിയവര്‍ക്ക് അടയും മലരും പഴവും പ്രസാദമായി പൊതിഞ്ഞു നല്‍കും. പുത്തരി കഴിഞ്ഞുള്ള ദിവസങ്ങളില്‍ ‘കൈതും’ (കൈവീത്) കുറത്തിയമ്മയ്ക്ക് ചോറും നേര്‍ച്ചയായി സമര്‍പ്പിക്കാം. പത്താമുദയത്തിന് ശേഷം അതത് തറവാടുകളുടെയും വെളിച്ചപ്പാടന്മാരുടെയും സൗകര്യം നോക്കി തീയതി നിശ്ചിയിക്കും. വിഷുവിന് മുന്‍പായി ഈ അടിയന്തിരം തീര്‍ത്തിരിക്കണം.

പാലക്കുന്ന് കഴകത്തില്‍ പുതിയൊടുക്കലിന് ഇതിനകം തീയതി കുറിച്ച വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും:
കണ്ണംവയല്‍ അടുക്കാടക്കം താനത്തിങ്കാല്‍ ദേവസ്ഥാനം -ഒക്ടോബര്‍ 30. പള്ളിപ്പുഴ പുലിക്കോടന്‍ വലിയ വീട് താനത്തിങ്കാല്‍ ദേവസ്ഥാനം -നവംബര്‍ 3ന്. പാക്കം കുക്കള്‍ തറവാട് താനത്തിങ്കാല്‍ ദേവസ്ഥാനം -6ന്. കരിപ്പോടി പെരുമുടിത്തറ തറവാട് -7ന്. പനയാല്‍ കോട്ടപ്പാറ തറവാട് -23ന്. കളിങ്ങോത്ത് വലിയ വളപ്പ് ദേവസ്ഥാനം -24ന്. അടുക്കം വലിയവീട് തറവാട് -26ന്.
പൂച്ചക്കാട് തായത്ത് തറവാട് -ഡിസംബര്‍ 1ന് . കീഴൂര്‍ മീത്തല്‍ വീട് തറവാട് -3ന് കുതിര്‍മ്മല്‍ തറവാട് -5ന്. തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട് -9ന് . അരവത്ത് മീത്തല്‍ വീട് തറവാട് -10ന്. കൂട്ടപ്പുന്ന തറവാട് -11ന്. ഉദുമ ബേവൂരി മുള്ളന്‍ തറവാട് 15 ന്. കുന്നുമ്മല്‍ തറവാട് -24ന്. മലാംകുന്ന് തല്ലാണി തറവാട് -27ന്. ചിറമ്മല്‍ വലിയവീട് തറവാട്ടിലും പട്ടത്താനം തൈവളപ്പ് തറവാടിലും -31ന്. (മറ്റു തറവാടുകളിലെ പട്ടിക പിന്നീട് നല്‍കും)

Leave a Reply

Your email address will not be published. Required fields are marked *