പെട്രോള്‍ പമ്പ് തട്ടിപ്പ് കേസ്: പോലീസിനെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊണ്ടോട്ടി: പെട്രോള്‍ പമ്പില്‍ 22,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കൂട്ടാലുങ്ങല്‍ മേക്കാടത്തില്‍ മുഹമ്മദ് ഡാനിഷ് (22) ആണ് പിടിയിലായത്. ചൊവ്വാഴ്ച (നവംബര്‍ 24) പുലര്‍ച്ചെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 18-ന് കൊണ്ടോട്ടി പതിനേഴിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഡാനിഷ് 22,000 രൂപയുടെ തട്ടിപ്പ് നടത്തിയത്. പള്ളിക്കല്‍ സ്വദേശിയുടെ കാറിലാണ് ഇയാള്‍ തട്ടിപ്പിനായി എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, തിങ്കളാഴ്ച (നവംബര്‍ 23) കാറിലെ ജി.പി.എസ്. സംവിധാനം വഴി വാഹനം കിഴിശ്ശേരി ഭാഗത്തുള്ളതായി പോലീസിന് വിവരം ലഭിച്ചു.
സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ടതോടെ പ്രതി വാഹനം അതിവേഗത്തില്‍ ഓടിച്ച് പോലീസുകാരെ ഇടിക്കാന്‍ ശ്രമിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്ക് കേടുവരുത്തി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ എസ്.ഐ. പത്മരാജ്, എസ്.സി.പി.ഒ. ഷിനോജ് എന്നിവര്‍ക്ക് പരിക്കേറ്റു.പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി പണം അയച്ചുനല്‍കിയെന്ന് വിശ്വസിപ്പിച്ച് പമ്പ് ജീവനക്കാരില്‍ നിന്ന് പണം വാങ്ങുന്നതാണ് ഇവരുടെ രീതി. ജീവനക്കാര്‍ പണം നല്‍കിക്കഴിഞ്ഞാല്‍ 10 മിനിറ്റിനുള്ളില്‍ പണം അയച്ച അക്കൗണ്ട് മരവിപ്പിക്കപ്പെടും. ഇതോടെ പമ്പ് ജീവനക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ജില്ലയിലും മറ്റിടങ്ങളിലുമായി നിരവധി പമ്പുകളില്‍ പ്രതി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *