ദോഹയില്‍ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതിയ കൗമാരതാരം വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. വൈഭവ് ഇപ്പോള്‍ തന്റെ പ്രചോദനമാണെന്നാണ് സൂര്യകുമാര്‍ യാദവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സൂര്യകുമാറിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്നയും മുഹമ്മദ് കൈഫും വൈഭവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തി. ”അതിശയകരമായ പ്രതിഭ! ഇത്ര ചെറിയ പ്രായത്തില്‍ ഇരട്ട സെഞ്ചുറി നേടുന്നത് വൈഭവ് സൂര്യവംശിയുടെ പോരാടാനുള്ള മനസ്സിനെയും അസാധാരണമായ കഴിവിനെയുമാണ് കാണിക്കുന്നത്. വലിയ സ്വപ്നങ്ങള്‍ കാണുക, തിളങ്ങുക, യുവ ചാമ്പ്യന്‍” എന്ന് റെയ്ന എക്‌സില്‍ കുറിച്ചു. ”വെറും 53 പന്തില്‍ 204 റണ്‍സ്, 28 സിക്‌സറുകള്‍. വൈഭവ് സൂര്യവംശി റെക്കോര്‍ഡുകള്‍ തകരാന്‍ കാത്തിരിക്കുകയല്ല, ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിക്കുകയാണ്. വളര്‍ന്നുവരുന്ന സൂപ്പര്‍താരം” എന്നായിരുന്നു കൈഫിന്റെ പ്രതികരണം. ഇന്ത്യ എ ടീമിനായി 53 പന്തില്‍ 204 റണ്‍സ് നേടിയ വൈഭവ്, ഒറ്റ ഇന്നിങ്‌സിലൂടെ വമ്പന്‍ റെക്കോഡുകളാണ് പഴങ്കഥയാക്കിയത്.
28 പന്തില്‍ 2023-ല്‍ ഓസ്ട്രേലിയന്‍ താരം ജെയ്ക് ഫ്രേസര്‍-മെക്ഗര്‍ക്ക് സ്ഥാപിച്ച 29 പന്തിന്റെ റെക്കോര്‍ഡാണ് സെഞ്ചുറി തികച്ച് വൈഭവ് മറികടന്നത്. 40 പന്തില്‍ കഴിഞ്ഞ വര്‍ഷം ബിഹാറിനായി അരുണാചല്‍ പ്രദേശിനെതിരെ താന്‍ തന്നെ കുറിച്ച 59 പന്തിന്റെ റെക്കോര്‍ഡ് 19 പന്തുകള്‍ ബാക്കിനില്‍ക്കെ വൈഭവ് തിരുത്തി. 52 പന്തില്‍ ഫോര്‍ഡ് ട്രോഫിയില്‍ കാന്റര്‍ബറിക്കായി ഒട്ടാഗോയ്ക്കെതിരെ ന്യൂസിലന്‍ഡ് ബാറ്റര്‍ ചാഡ് ബോവ്സ് സ്ഥാപിച്ച 103 പന്തിന്റെ റെക്കോര്‍ഡാണ് ഇരട്ട സെഞ്ച്വറി തികച്ച് തകര്‍ന്നത്. 7 ഫോറുകളും 28 കൂറ്റന്‍ സിക്‌സറുകളും നേടിയ വൈഭവ്, 2018-ല്‍ ഡാര്‍സി ഷോട്ട് നേടിയ 23 സിക്‌സറുകളുടെ റെക്കോര്‍ഡ് മറികടന്നു.