അണ്ടര്‍ 23 വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് കേരളം

റായ്പൂര്‍: അണ്ടര്‍ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. ക്യാപ്റ്റന്‍ ജോഷിതയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡിന് 29 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 54 റണ്‍സാണ് ജാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രിയങ്ക ലൂത്ര 54 റണ്‍സും ശിഖ സിങ് 33 റണ്‍സും നേടി. കേരളത്തിന് വേണ്ടി സൂര്യ സുകുമാര്‍, സി.വി. അനുഷ്‌ക, നിയതി ആര്‍. മഹേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ അമീറ ബീഗവും ശ്രേയ സിജുവും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ കേരളത്തെ വി.ജെ. ജോഷിതയും ശ്രേയ സിജുവും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ജോഷിത 26 പന്തുകളില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ജോഷിതയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അമീറ ബീഗം 39-ഉം ശ്രേയ സിജു 36-ഉം റണ്‍സ് നേടി.

Leave a Reply

Your email address will not be published. Required fields are marked *