കാഞ്ഞങ്ങാട്: ശിശുദിനത്തില്‍ കൈക്കുഞ്ഞിനെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ സ്ത്രീയെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് സ്ത്രീയെ പിടികൂടിയത്.
ബാലാവകാശ കമ്മീഷന് അംഗം അഡ്വ. എം.ബി. മോഹനന് കുമാറിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സി.കെ. നാസര്‍, ഹോം ഗാര്‍ഡ് പി.കെ. ജയന്, ജില്ലാ കോര്‍ഡിനേറ്റര്‍ ഷബീര്‍ ഹസ്സന് എന്നിവര്‍ നടത്തിയ ഇടപെടലിലാണ് നടപടി.
തമിഴ്നാട് സ്വദേശിനിയായ സ്ത്രീ വര്‍ഷങ്ങളായി കാഞ്ഞങ്ങാട് മാണിക്കോത്ത് കാറ്റാടി പ്രദേശത്ത് താമസിച്ചുവരികയാണെന്നും മകളുടെ കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിവരികയായിരുന്നുവെന്നുമാണ് വിവരം. ഇവര്‍ക്കെതിരെ സമാനമായ കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് സദാസമയവും മയങ്ങിക്കിടക്കുന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹോം ഗാര്‍ഡ് പി.കെ. ജയന് വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ഇടപെടലിലൂടെ സ്ത്രീയെ പിടികൂടി പോലീസില്‍ ഏല്പിച്ചു.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ഇജഛ ഷീമ കെ (2947), ബേക്കല്‍ സി.ഐ ഓഫീസ് / കണ്ട്രോള് റൂമിലെ ഇജഛ ശരത് (3688), നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഏടഇജഛ സഞ്ജിത്ത് വി.സി (2619) എന്നിവരുടെ സഹായത്തോടെ സ്ത്രീയെ ഹോസ്ദുര്‍ഗ് ഹൗസ് ഓഫീസര്‍ ഷൈന്‍ മുമ്പാകെ ഹാജരാക്കി.
കുട്ടിയുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി അടുത്ത ദിവസം കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന് അംഗം അഡ്വ. എം.ബി. മോഹനന് കുമാര്‍ അറിയിച്ചു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ചൂഷണങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണല്‍ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമായി.