രാജപുരം: അപകടത്തില്‍പ്പെട്ട് തെരുവില്‍ അവശനിലയില്‍ കിടന്ന പൂച്ചയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി മാതൃകയായിരിക്കുകയാണ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അബിരാം. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍
റോഡപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന പൂച്ചയെ കണ്ട അബിരാം ഉടന്‍ തന്നെ അതിനെ കള്ളാര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ആശുപത്രിയുടെ പ്രവര്‍ത്തനസമയം കഴിഞ്ഞിരുന്നതിനാല്‍ പൂച്ചയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചില്ല.
എന്നാല്‍ പൂച്ചയെ ഉപേക്ഷിച്ച് മടങ്ങാന്‍ അബിരാം തയ്യാറായില്ല. പൂച്ചയെ ആശുപത്രിയുടെ മുന്നില്‍ സുരക്ഷിതമായി വെച്ചശേഷം, അതിന് ആവശ്യമായ ചികിത്സ നല്‍കണമെന്നും ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്നും അറിയിച്ചുകൊണ്ട് ഒരു കുറിപ്പും പണവു അവിടെ വെച്ചാണ് മടങ്ങിയത്.പിറ്റേന്ന് ആശുപത്രിയിലെത്തിയ ജീവനക്കാര്‍ അബിരാമിന്റെ കുറിപ്പും പണവും പൂച്ചയെയും കണ്ടെത്തി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പൂച്ചയുടെ ജീവന്‍ രക്ഷിക്കാനായില്ല.പൂച്ചയെ രക്ഷിക്കാന്‍ അബിരാം കാണിച്ച മനുഷ്യത്വവും ഉത്തരവാദിത്വബോധവും ജീവനക്കാരുടെ ഹൃദയത്തെ സ്പര്‍ശിച്ചു. ഇതിനെത്തുടര്‍ന്ന് കള്ളാര്‍ രാജപുരം വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.അഫ്രീദ് എ ആര്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ലക്ഷ്മി രാജന്‍,ബിബി പി എന്‍ , കൃഷ്ണാനന്ദ് എന്നിവര്‍ ചേര്‍ന്ന് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സജോ സൈമണ്‍ ന്റെ സാന്നിധ്യത്തില്‍ അബിരാമിനെ ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.കള്ളാര്‍ പൊയ്കയില്‍ വീട്ടില്‍ പി കെ സനലിന്റെയും,സജിത യുടെയും മകനാണ് അഭിരാം .മിണ്ടാപ്രാണികളോടുള്ള കരുണയും സമയോചിതമായ ഇടപെടലും സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്ന് ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.ഓഫീസ് സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സാ സഹായം ആവശ്യമായി വന്നാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പറായ 1962-ല്‍ വിളിച്ച് സഹായം തേടാവുന്നതാണെന്ന് സന്ദേശവും വിദ്യാര്‍ത്ഥികള്‍ക്ക് വെറ്ററിനറി സര്‍ജന്‍ നല്‍കി.