സര്‍വേ വിഭാഗത്തില്‍ ജില്ലയില്‍ 6,317 ഫയലുകള്‍ കെട്ടിക്കിടക്കുന്നു; സര്‍വേയര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കല്ലട്രമാഹിന്‍ എം.എല്‍.എ നിവേദനമയച്ചു.

കാസര്‍കോട് : ജില്ലയിലെ സര്‍വേ ഓഫീസുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം 6,317 എല്‍.ആര്‍.എം.( ലാന്‍ഡ് റെക്കോര്‍ഡ്‌സ് മെയ്ന്റനന്‍സ്) ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും അടിയന്തരമായി സര്‍വേയര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ കല്ലട്ര മാഹിന്‍ എം.എല്‍.എ റവന്യൂ മന്ത്രി എ. പി. അനില്‍ കുമാറിന് നിവേദനമയച്ചു.

ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം, അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, റീസര്‍വേ രേഖകളിലെ അപാകതകള്‍ തിരുത്തല്‍, ഭൂമിയുടെ രേഖകള്‍ കൃത്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളാണ് എല്‍.ആര്‍.എം. വിഭാഗത്തില്‍ പരിഗണിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് സര്‍വേയര്‍മാര്‍, ഹെഡ് സര്‍വേയര്‍മാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരില്ലാത്തതിനാല്‍ അപേക്ഷകളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.

ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലായി 3,118 എല്‍.ആര്‍.എം. ഫയലുകളാണ് നിലവില്‍ തീര്‍പ്പാക്കാനുള്ളത്. ഇതിനു പുറമെ താലൂക്ക് സര്‍വേയര്‍മാരുടെ പക്കല്‍ 3,199 ഫയലുകളും കെട്ടിക്കിടക്കുന്നു. ആകെ തീര്‍പ്പാക്കാനുള്ള ഫയലുകളുടെ എണ്ണം 6,317 ആയി ഉയര്‍ന്നിരിക്കുകയാണ്.

മഞ്ചേശ്വരം താലൂക്കില്‍ 715, കാസര്‍കോട് താലൂക്കില്‍ 350, ഹോസ്ദുര്‍ഗ് താലൂക്കില്‍ 2,053 എന്നിങ്ങനെയാണ് എല്‍.ആര്‍.എം. വിഭാഗത്തില്‍ തീര്‍പ്പാക്കാനുള്ള ഫയലുകള്‍. താലൂക്ക് സര്‍വേയര്‍മാരുടെ പക്കല്‍ മഞ്ചേശ്വരത്ത് 619, കാസര്‍കോട് 943, ഹോസ്ദുര്‍ഗ് 1,147, വെള്ളരിക്കുണ്ട് 490 എന്നിങ്ങനെയും ഫയലുകള്‍ കെട്ടിക്കിടക്കുന്നു.

ജീവനക്കാരുടെ കുറവ് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുകയാണ്. മഞ്ചേശ്വരം താലൂക്കില്‍ മൂന്ന് സര്‍വേയര്‍മാരും ഒരു ഹെഡ് സര്‍വേയറുമാണുള്ളത്. കാസര്‍കോട് താലൂക്കില്‍ ഒരു സര്‍വേയറും ഒരു ഡ്രാഫ്റ്റ്‌സ്മാനും മാത്രമാണുള്ളത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ ഏഴ് സര്‍വേയര്‍മാരും ഒരു ഹെഡ് സര്‍വേയറും ഒരു ഡ്രാഫ്റ്റ്‌സ്മാനുമാണുള്ളത്. ആവശ്യത്തിന് സാങ്കേതിക ജീവനക്കാരില്ലാത്തത് സര്‍വേ നടപടികളുടെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നതായും എം.എല്‍.എ ചൂണ്ടിക്കാട്ടി.

കാസര്‍കോട് ജില്ലയില്‍ 25 സര്‍വേയര്‍മാരെ അടിയന്തരമായി നിയമിക്കണം. എല്ലാ താലൂക്കുകളിലും ആവശ്യത്തിന് ഹെഡ് സര്‍വേയര്‍മാരെയും ഡ്രാഫ്റ്റ്‌സ്മാന്‍മാരെയും നിയമിക്കുന്നതിനൊപ്പം സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഫീല്‍ഡ് പരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കണം.

ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍വേയര്‍മാരെ ജില്ലയില്‍ത്തന്നെ നിലനിര്‍ത്തുകയും ശമ്പളം കാസര്‍കോട് ജില്ലയില്‍നിന്ന് കൈപ്പറ്റി മറ്റ് ജില്ലകളിലേക്ക് ജോലി ക്രമീകരണത്തിന്റെ പേരില്‍ നിയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന കാസര്‍കോട് ജില്ലയില്‍ ലഭ്യമായ ഉദ്യോഗസ്ഥരുടെ സേവനം മറ്റു ജില്ലകളിലേക്ക് മാറ്റുന്നത് സര്‍വേ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും നിവേദനത്തില്‍ വ്യക്തമാക്കി.

കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് അധിക ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രത്യേക എല്‍.ആര്‍.എം. മിഷന്‍ രൂപീകരിക്കണം. താലൂക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫയലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് തീര്‍പ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

ജില്ലയിലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും രേഖകളിലെ അപാകതകള്‍ക്കും പരിഹാരം കാണുന്നതിനും സാധാരണക്കാരുടെ ദീര്‍ഘകാലമായുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും കല്ലട്ര മാഹിന്‍ എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *