വന്യജീവികളെ ഉപദ്രവിച്ചാല്‍ വന്‍ തുക പിഴയുംകടുത്ത ശിക്ഷയും;മുന്നറിയിപ്പുമായി സൗദി അധികൃതര്‍

സൗദി അറേബ്യയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല റോയല്‍ റിസര്‍വ് പരിധിയില്‍ വന്യജീവികളെ പിന്തുടരുന്നതും ഉപദ്രവിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഡെവലപ്മെന്റ് അതോറിറ്റിയുടെ കര്‍ശന മുന്നറിയിപ്പ്. സംരക്ഷിത മേഖലയ്ക്കുള്ളില്‍ വാഹനത്തില്‍ കഴുതപ്പുലിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി ശക്തമാക്കിയത്. വന്യമൃഗങ്ങളെ ഭയപ്പെടുത്തുന്നതും വേട്ടയാടുന്നതും നിയമവിരുദ്ധമാണെന്നും, പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവഴ്ചയില്ലാത്ത ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

നിയമപ്രകാരം വേട്ടയാടല്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ള വരയന്‍ കഴുതപ്പുലിയെ വേട്ടയാടുന്ന വ്യക്തികള്‍ക്ക് 80,000 സൗദി റിയാലാണ് പിഴയായി ഈടാക്കുക. വന്യജീവികളെ വേട്ടയാടുന്നതും അവയെ ഉപദ്രവിക്കുന്ന മറ്റ് രീതികളും വെവ്വേറെ കുറ്റകൃത്യങ്ങളായാണ് നിയമം കണക്കാക്കുന്നത്. അതിനാല്‍ ഇത്തരം ഓരോ ലംഘനങ്ങള്‍ക്കും അതത് ശിക്ഷാനടപടികള്‍ കുറ്റവാളികള്‍ നേരിടേണ്ടി വരും. പ്രകൃതിയിലെ ജൈവ സന്തുലിതാവസ്ഥയും പോഷകചക്രവും നിലനിര്‍ത്തുന്നതില്‍ ഇത്തരം വന്യജീവികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

വന്യജീവികളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ യാതൊരു ഭയവുമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. റിസര്‍വുകളിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനായി അതോറിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണവും ഫീല്‍ഡ് പരിശോധനകളും തുടരുന്നുണ്ട്. പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണെന്നും, എല്ലാവരുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്തപരമായ പെരുമാറ്റം ഉണ്ടാകണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *