അഹമ്മദാബാദ് മയക്കുമരുന്ന് കേസ്; സൂത്രധാരനായ നൈജീരിയന്‍ പൗരന്‍ കൊല്ലത്തെ ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് പിടിയില്‍

കൊല്ലം: അഹമ്മദാബാദില്‍ കോടികള്‍ വിലമതിക്കുന്ന രാസലഹരി പിടികൂടിയ കേസില്‍ പ്രധാന വിതരണക്കാരനായ നൈജീരിയന്‍ പൗരനെ അഹമ്മദാബാദ് സിറ്റി പോലീസ് കൊല്ലത്തുനിന്നു കസ്റ്റഡിയിലെടുത്തു. നൈജീരിയയിലെ അനാംബ്ര ഒനിറ്റ്ഷ സ്വദേശിയായ ചാള്‍സ് ഒഫുഡില്‍ (36) എന്ന ‘ഫ്രാങ്ക്’ ആണ് കൊട്ടിയത്തു പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് അറസ്റ്റിലായത്. വിപുലമായ അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ 17-ന് അഹമ്മദാബാദിലെ നാന ചിലോഡ സര്‍ക്കിളിനു സമീപത്തുനിന്ന് 55.5 ലക്ഷം രൂപ വിലമതിക്കുന്ന 1,850 ഗ്രാം മെഫെഡ്രോണുമായി നിഖിലേഷ് കൃഷ്ണപ്പ (24) എന്ന യുവാവിനെ നരോദ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തില്‍ ലഹരിശേഖരം കൈപ്പറ്റാനെത്തിയ കര്‍ണാടക സ്വദേശി വിശാല്‍ (28) സെപ്റ്റംബര്‍ 19-ന് പിടിയിലായി. ഇരുവരെയും ചോദ്യം ചെയ്തതോടെ ‘ഫ്രാങ്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന നൈജീരിയന്‍ പൗരനാണ് ലഹരിമരുന്ന് ഓര്‍ഡര്‍ നല്‍കിയതെന്നും ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നതെന്നും പോലീസിനു വ്യക്തമായി തുടര്‍ന്ന് നടത്തിയ ഡിജിറ്റല്‍ പരിശോധനയിലും ശാസ്ത്രീയ അന്വേഷണത്തിലുമാണ് പ്രതി കൊല്ലം കൊട്ടിയത്തുള്ള ട്രാന്‍സിറ്റ് ഹോമിലുണ്ടെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തിയത്. 2019-ല്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ ഇയാള്‍ ഡല്‍ഹിയും ബെംഗളൂരുവും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. 2022-ല്‍ കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസില്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഇയാളെ കൊട്ടിയത്തെ ട്രാന്‍സിറ്റ് ഹോമിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.
പാസ്പോര്‍ട്ട്, വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന വിദേശികളെയോ കേസുകളില്‍ ഉള്‍പ്പെടുന്ന വിദേശ പൗരന്മാരെയോ താത്കാലികമായി താമസിപ്പിക്കുന്ന കേന്ദ്രമാണ് ട്രാന്‍സിറ്റ് ഹോം. 2022 ഡിസംബറിലാണ് കൊട്ടിയത്ത് ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ട്രാന്‍സിറ്റ് ഹോമില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ അന്തര്‍സംസ്ഥാന ലഹരിവ്യാപാരം നിയന്ത്രിച്ചിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതിയെ ചോദ്യം ചെയ്യലിനായി ഗുജറാത്തിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *