ഇസ്രയേലില്‍ ചരിത്ര നിധി കണ്ടെത്തി വിദ്യാര്‍ഥി: 3,500 വര്‍ഷം പഴക്കമുള്ള സ്‌കാറബ് സീല്‍ ലഭിച്ചു.

ഇസ്രയേലിലേക്ക് പഠനയാത്രയ്ക്കെത്തിയ അമേരിക്കന്‍ വിദ്യാര്‍ഥിയായ ഷിലോക്ക് അവിചാരിതമായി ലഭിച്ചത് പുരാതന ചരിത്രത്തിന്റെ അമൂല്യ നിധി. ടെല്‍ ഗെസര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഷിലോയ്ക്ക് ചാണകവണ്ടിന്റെ രൂപത്തിലുള്ള അപൂര്‍വ്വമായ സ്‌കാറബ് സീല്‍ അമുലെറ്റ് ലഭിക്കുന്നത്. ഇസ്രയേലില്‍ എത്തി വെറും രണ്ട് ദിവസത്തിനകമാണ് ഈ അപൂര്‍വ്വ നേട്ടം എന്നത് ശ്രദ്ധേയമാണ്. സീലിന്റെ മുകള്‍ ഭാഗത്ത് സംരക്ഷണത്തിന്റെ പ്രതീകമായ രണ്ട് പാമ്പുകളുടെ ചിത്രങ്ങളും , താഴെ ‘പ്രഭു’ എന്ന അര്‍ത്ഥം വരുന്ന ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫിക് ചിഹ്നവും കൊത്തിവെച്ചിട്ടുണ്ട്.ടെല്‍ അവീവ് സര്‍വകലാശാലയിലെ പുരാവസ്തു വിഭാഗം പ്രൊഫസറായ ഇഡോ കോച്ചിന്റെ പരിശോധനയില്‍ ഇത് ഏകദേശം 3,500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ‘ലേറ്റ് ബ്രോണ്‍സ് ഏജ്’ കാലഘട്ടത്തിലേതാണെന്ന് സ്ഥിരീകരിച്ചു. പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ ചാണകവണ്ടുകളെ സൃഷ്ടിയുടെയും പുതിയ ജീവന്റെയും പ്രതീകമായാണ് കണ്ടിരുന്നത്. കനാന്‍ പ്രദേശത്ത് ഈജിപ്തിന്റെ ശക്തമായ രാഷ്ട്രീയ-സാംസ്‌കാരിക സ്വാധീനം നിലനിന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരം കണ്ടെത്തലുകള്‍.
ചരിത്രപ്രധാനമായ ഈ വസ്തു കണ്ടെത്തിയ ഉടന്‍ തന്നെ വിദ്യാര്‍ഥിയും സംഘാടകരും ചേര്‍ന്ന് ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയെ വിവരമറിയിക്കുകയും പുരാവസ്തു കൈമാറുകയും ചെയ്തു. മാതൃകാപരമായ ഈ പ്രവര്‍ത്തിക്ക് ഷിലോയ്ക്ക് ഐ.എ.എ പ്രശംസാപത്രം നല്‍കി ആദരിച്ചു. പുരാവസ്തുക്കള്‍ കണ്ടെത്തിയാല്‍ അവ മാറ്റിസ്ഥാപിക്കാതെ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് ഐ.എ.എ പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *