15 വര്‍ഷത്തെ ഒളിവുജീവിതത്തിനൊടുവില്‍ വിധി; ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും നാലുലക്ഷം രൂപ പിഴയും

പത്തനംതിട്ട: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം 15 വര്‍ഷത്തോളം നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. അയിരൂര്‍ വെള്ളിയറ കടമാന്‍കുഴി സ്വദേശി രാജീവിനെയാണ് (മുത്തു 52) പത്തനംതിട്ട അഡിഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (നാല്) ശിക്ഷിച്ചത്. ജഡ്ജ് ഡോണി തോമസ് വര്‍ഗീസിന്റേതാണ് വിധി.2010 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് രാജീവ് തന്റെ ഭാര്യയായ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ പോലീസിന്റെ പിടിയിലായ ഇയാള്‍ റിമാന്‍ഡിലായി. എന്നാല്‍ 2011 നവംബര്‍ 30-ന് ജാമ്യത്തിലിറങ്ങിയ രാജീവ്, പിന്നീട് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു.
വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയായിരുന്നു. നീണ്ട 15 വര്‍ഷത്തെ തിരച്ചിലിനൊടുവില്‍ 2024 ഡിസംബര്‍ 16-നാണ് അന്നത്തെ കോയിപ്രം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. എ.എസ്.ഐ. ഷിബുരാജ്, എസ്.സി.പി.ഒ. ജോബിന്‍ ജോണ്‍, സി.പി.ഒ. അരുണ്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന് വന്ന വിചാരണ നടപടികള്‍ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്ധ്യ ടി.വാസു ഹാജരായി. പ്രോസിക്യൂഷന്‍ എയ്ഡായി ശൈലജാദേവിയും സ്റ്റേഷന്‍ പ്രോസിക്യൂഷന്‍ എയ്ഡായി അഖിലും പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *