കോഴിക്കോട്: പോലീസ് സംഘം അറസ്റ്റ് ചെയ്യാനെത്തിയതിനെ തുടര്‍ന്ന് യുവാവ് ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ കയറി മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കി. കോഴിക്കോട് എകരൂര്‍ പൊയില്‍പുറായില്‍ റഫ്നാദ് (31) ആണ് സ്വന്തം വീടിന്റെ മുകളില്‍ കയറി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്. കൊടുവാളും കല്ലുകളും മുളകുപൊടിയും ഉപയോഗിച്ച് പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും പ്രതിരോധിച്ച ഇയാളെ രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് കീഴടക്കി താഴെയിറക്കി.
വിവിധ കേസുകളില്‍ പ്രതിയായ റഫ്നാദിനെ കസ്റ്റഡിയിലെടുക്കാന്‍ വയനാട്ടില്‍ നിന്നുള്ള പോലീസ് സംഘമാണ് എകരൂരിലെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാള്‍ ഓടി വീടിന്റെ മേല്‍ക്കൂരയിലും തുടര്‍ന്ന് തൊട്ടടുത്ത മുരിങ്ങ മരത്തിലും കയറുകയായിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പോലീസിനെയും നരിക്കുനിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു.
ആരും മുകളിലേക്ക് കയറാതിരിക്കാന്‍ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലുകളും പൈപ്പുകളും മുളകുപൊടിയും എറിയുകയും കൊടുവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായി ലാഡറുകള്‍ സ്ഥാപിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അതിസാഹസികമായി മുകളില്‍ കയറിയാണ് റഫ്നാദിനെ കീഴ്പ്പെടുത്തിയത്.
നരിക്കുനി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ആര്‍. ബാലുമഹേന്ദ്ര, ഓഫീസര്‍മാരായ എ.കെ. ബിബുല്‍, യു.കെ. അബ്ദുല്‍ റഹ്‌മാന്‍, എ. സന്ദീപ്, കെ. അഭിഷേക്, എം.വി. അരുണ്‍, ഹോം ഗാര്‍ഡുമാരായ എന്‍. ഷനോജ് കുമാര്‍, വി.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് പോലീസിന് കൈമാറി.