തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ പുറത്തുനിന്ന് അധികമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. പ്രശാന്തും ഊര്‍ജ സെക്രട്ടറിയും അറിയിച്ചു. പ്രതിസന്ധിയില്ലാത്തതിനാല്‍ തത്കാലം പുതിയ ജി.എന്‍.എ (ഗ്രീന്‍ എനര്‍ജി ഓപ്പണ്‍ ആക്സസ്) ഹ്രസ്വകാല വൈദ്യുതി കരാറുകള്‍ ഉണ്ടാകില്ല. മുന്‍പ് സുതാര്യമായ ടെന്‍ഡര്‍ നടപടികളോ റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ ജി.എന്‍.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്.
അതേസമയം, നിലവില്‍ പ്രതിസന്ധിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന സംശയത്തിലാണ് സര്‍ക്കാര്‍. ഉടന്‍ വൈദ്യുതി കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ പവര്‍കട്ട് അനിവാര്യമാകുമെന്ന മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരമായി തീരുമാനമെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയതിന് പിന്നിലെ കാരണങ്ങളും, ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ നീക്കം നടത്തിയ പശ്ചാത്തലവും പരിശോധിക്കും.