കൊച്ചി: നഗരത്തില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട മര്‍ദന-കവര്‍ച്ച കേസില്‍ പുതിയ തിരിവ്. മര്‍ദനമേറ്റതായി പരാതി നല്‍കിയ ഡോക്ടര്‍ക്കെതിരേ ഗുരുതരമായ ലൈംഗികപീഡന ആരോപണവുമായി യുവതി രംഗത്തെത്തി. ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരേ ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയെ ഞെട്ടിച്ച സംഭവങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ കേസെടുത്തിരിക്കുന്നത്. രോഗിയായ ബന്ധുവിനെ പരിശോധിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ഡോക്ടറെ മര്‍ദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ നടി അതുല്യ ചന്ദ്ര, നടന്‍ ബിബിന്‍ പെരുമ്പിള്ളി എന്നിവരടക്കം മൂന്നുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡോക്ടറെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ പ്രതികളിലൊരാളുടെ ബന്ധുവുമായുള്ള സാമ്പത്തിക-വ്യക്തിഗത തര്‍ക്കങ്ങളാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഭാഗത്തുള്ള വ്യക്തിയുടെ ബന്ധുവായ യുവതി ഡോക്ടര്‍ക്കെതിരേ പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചത്. തനിക്കെതിരേ നടന്ന പീഡനത്തിന്റെ തെളിവുകളെന്നോണം നിരവധി അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ ഡോക്ടറുടെ ഫോണ്‍ യുവതി പൊലീസിന് കൈമാറിയതായാണ് വിവരങ്ങള്‍. ഇന്‍ഫോപാര്‍ക്ക് പൊലീസ് ഈ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ഡോക്ടറെ ഫ്‌ലാറ്റില്‍ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിച്ച കേസില്‍ കടവന്ത്ര പൊലീസ് അന്വേഷണം തുടര്‍ന്നു വരികയാണ്. ഇരു കേസുകളിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.