തിരുവനന്തപുരം: പാങ്ങപ്പാറയില്‍ പതിനേഴുകാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയും അര്‍ഹമായ ശിക്ഷയും ഉറപ്പാക്കണമെന്ന ആവശ്യവുമായി കുടുംബം. കൗമാരക്കാര്‍ക്കിടയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കൊല്ലപ്പെട്ട അഭിറാമിന്റെ മാതാപിതാക്കളും സഹോദരിയും ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പേരില്‍ അഭിറാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികള്‍ പദ്ധതി തയ്യാറാക്കിയത്. സുഹൃത്തിനെ തങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിനായി പ്രതികള്‍ അഭിറാമിനെ ഇടനിലക്കാരനാക്കുകയായിരുന്നു. സംഭവത്തില്‍ നേരിട്ട് പങ്കുള്ള ഒന്നാം പ്രതിയായ പതിനേഴുകാരന് പുറമേ, ഇയാളുടെ സുഹൃത്ത് ഉമര്‍, ഐശ്വര്യ, ആനന്ദ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിറാമിന് പ്രതികളുമായി യാതൊരുവിധ വ്യക്തിവൈരാഗ്യവുമുണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു.
വിവരമറിഞ്ഞ് വിദേശത്തുനിന്നും എത്തിയ സഹോദരി ആര്യയുടെയും മാതാപിതാക്കളുടെയും കരച്ചില്‍ നാടിനെയാകെ വിറങ്ങലിപ്പിച്ചു. സാധാരണ രീതിയില്‍ ആരോ വിളിച്ചപ്പോള്‍ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ട അഭിറാം, ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും ഇതിന് പിന്നില്‍ കൂടുതല്‍ ആളുകളുടെ പങ്കുണ്ടെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു.
പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കരുതെന്നും ഏതറ്റം വരെ പോയിട്ടായാലും മകന് നീതി ഉറപ്പാക്കുമെന്നും അമ്മ പറഞ്ഞു. പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.