തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള കാമ്പസ് ടു ബൂത്ത് കാമ്പയിന്‍ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. സജിത് ബാബു ഉദ്ഘാടനം ചെയ്തു. പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വിഷയത്തില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.
17 വയസ്സും അതിന് മുകളിലും പ്രായമുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കേരളം ആവിഷ്‌കരിച്ച കാമ്പയിനാണ് കാമ്പസ് ടു ബൂത്ത്. ‘സ്റ്റെപ് ഫോര്‍വേഡ് ഗറ്റ് കൗണ്ടഡ്’ എന്ന ടാഗ് ലൈനില്‍ നവംബര്‍ രണ്ടിനാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് ആരംഭിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫോം 6 വഴി അപേക്ഷിക്കാം. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി പരമാവധി വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.